ഡല്‍ഹി മുകുന്ദ്പുരില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; രാജ്ഘട്ട് അടക്കം മുങ്ങി

ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്.ഡല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണമാണിത്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. യമുനാനദിയിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ അതീവജാഗ്രതാനിര്‍ദേശം തുടരുകയാണ്. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട നാലഞ്ച് സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളേയും മൃഗങ്ങളേയും ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ഈ ഭാഗങ്ങളില്‍ അപകടമരണം ഉണ്ടായിട്ടില്ലെന്നും സീലംപുര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശരത് കുമാര്‍ പറഞ്ഞു. യമുനയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നീ ജലശുദ്ധീകരണപ്ലാന്റുകള് അടച്ചുപൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായി. യമുനയിലെ ജലം ഇറങ്ങിയാല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു. നദിയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓഖ്ല പ്ലാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച പുനരാരംഭിച്ചു.

