KSDLIVENEWS

Real news for everyone

സെൻസസില്‍ ഇതാദ്യമായി ജാതി രേഖപ്പെടുത്തും: കൊവിഡ് വാക്സിൻ എടുത്ത സ്ഥലം ഉള്‍പ്പെടെ 40 ചോദ്യങ്ങള്‍

SHARE THIS ON

ദില്ലി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പൗരന്മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആകെ 40 ചോദ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ ചോദ്യാവലിയുടെ കൂടെ ജാതി പട്ടിക കൊണ്ടുപോകില്ല. മറിച്ച്‌ പൗരന്മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ജാതി രേഖപ്പെടുത്തുക. രജിസ്ട്രാർ ജനറല്‍ മൃത്യുഞ്ജയ് കുമാർ നാരായണ്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ച സെന്‍ററിനെ കുറിച്ചും ചോദ്യമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓണ്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ആണ് ജാതി വിവരങ്ങള്‍ സെൻസസില്‍ ഉള്‍പ്പെടുത്താൻ തീരുമാനമെടുത്തത്. 1948-ലെ സെൻസസ് ആക്‌ട് അനുസരിച്ച്‌ വിജ്ഞാപനം ചെയ്ത ചോദ്യാവലിയില്‍ വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്. പേര്, വയസ്സ്, വൈവാഹിക നില, വിവാഹ സമയം, ദേശീയത, മതം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഭിന്നശേഷി, മാതൃഭാഷയും മറ്റ് ഭാഷകളും, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പൂർണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസം, പ്രവാസം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങളും ശേഖരിക്കും.

വിദ്യാഭ്യാസ യോഗ്യത, പഠിച്ച മേഖല, ജോലി സംബന്ധിച്ച വിവരങ്ങള്‍, തൊഴിലില്ലായ്മ, ജോലി സ്ഥലത്തേക്കുള്ള യാത്രാരീതി എന്നിവ ചോദ്യാവലിയിലുണ്ട്. നിലവില്‍ വിവാഹിതരായവരും വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളോട് കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയും. കോവിഡ് വാക്‌സിനേഷൻ കേന്ദ്രം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈല്‍ നമ്പർ, ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന വിവരങ്ങളും ശേഖരിക്കും.

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബർ 1 മുതല്‍ സെൻസസ് ആരംഭിക്കും. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സെപ്റ്റംബർ 1 മുതല്‍ 30 വരെയായിരിക്കും വിവരശേഖരണം നടക്കുക. ഇതിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 17 മുതല്‍ 31 വരെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സെല്‍ഫ് എന്യൂമറേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അടുത്ത വർഷമായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!