KSDLIVENEWS

Real news for everyone

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

SHARE THIS ON

കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കേസില്‍ കുടുക്കാന്‍ പഞ്ചായത്ത് അംഗം ശ്രമിച്ച കേസില്‍ ഒരുപ്രതികൂടി അറസ്റ്റില്‍. എം.ഡി.എം.എ. സംഘടിപ്പിച്ച് നല്‍കിയ കേസില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം കഴക്കൂട്ടം പുത്തന്‍തോപ്പ് ലൗലാന്‍ഡ് വീട്ടില്‍ നോബിള്‍ നോര്‍ബര്‍ട്ടിനെയാണ്(25) അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കൂറിയര്‍ വഴി സംസ്ഥാനത്തേക്ക് വന്‍ തോതില്‍ എം.ഡി.എം.എ. എത്തിക്കുന്നതാണ് നോബിളിന്റെ രീതി. കൂറിയര്‍ വഴി എം.ഡി.എം.എ. എത്തിച്ച കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂലായ് 25-ന് ഇയാളെ പിടികൂടിയിരുന്നു. അവരുടെ കസ്റ്റഡിയില്‍നിന്നാണ് വണ്ടന്‍മേട് എസ്.എച്ച്.ഒ. വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി എം.ഡി.എം.എ. കൈമാറാനുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയശേഷം അത് ഒളിപ്പിച്ചുവെയ്ക്കുകയും പിന്നീട് അതിന്റെ ലൊക്കേഷനും വീഡിയോയും മറ്റ് പ്രതികള്‍ക്ക് കൈമാറുകയുമായിരുന്നു. ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ ഭാര്യ സൗമ്യയും കാമുകന്‍ വിനോദ് രാജേന്ദ്രനും കൂട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!