മിന്നൽ ചുഴലി; കാസർകോട് അഞ്ച് വീടുകൾ തകർന്നു

ബദിയടുക്ക: ജില്ലയില്‍ മലയോര മേഖലയിലെ രണ്ടു പഞ്ചായത്തുകളിലായി മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ബദിയടുക്ക, കുംബഡാജെ ഗ്രാമപഞ്ചായത്തുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ ചുഴലിയില്‍ നൂറിലേറെ മരങ്ങള്‍ കടപുഴകി. അഞ്ചു വീടുകള്‍ തകര്‍ന്നു. ആളപായമോ പരിക്കോ ഇല്ലെന്നതാണ് ഏക ആശ്വാസം.
തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം. മഴക്കുപിന്നാലെ പൊടുന്നനെ ശക്തമായ കാറ്റടിക്കുകയായിരുന്നു. കുംബഡാജെ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട ഏത്തടുക്ക, അനന്ത മൂലെ, മല്ലാര എന്നിവിടങ്ങളിലെയും മൂന്നാം വാര്‍ഡിലെ പത്രോടിയിലെയും വീടുകളാണ് തകര്‍ന്നത്. വ്യാപക കൃഷിനാശവുമുണ്ടായി. മരം വീണാണ് വീടുകളെല്ലാം തകര്‍ന്നത്. വീടുകള്‍ക്ക് മുകളില്‍ പാകിയ ഷീറ്റുകള്‍ കിലോമീറ്ററുകള്‍ ദൂരേക്ക് പാറിപ്പോയി. രാത്രിയായതിനാലാണ് ആളപായമില്ലാതിരുന്നത്. ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ മാന്യ പട്ടാജെയിലെ ഉദയകുമാര്‍ ഭട്ടിന്റെ രണ്ടു നിലയുള്ള ഓടിട്ട വീട് മരം വീണ് തകര്‍ന്നു. ചുമരിന് വിള്ളലുണ്ടായി. വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഉദയകുമാറും കുടുംബവും വന്‍ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇവരുടെ കവുങ്ങിന് തോട്ടത്തില്‍ വ്യാപക നാശമുണ്ട്. പട്ടാജെയിലെ സുബ്ബ നായകിന്റെ ഓടിട്ട വീടും തകര്‍ന്നു. ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി കൂറ്റന്‍മരങ്ങളാണ് ഒറ്റയടിക്ക് കടപുഴകിയത്. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, വാര്‍ഡ് അംഗം ശ്യാം പ്രസാദ്, പൊതുപ്രവര്‍ത്തകരായ ഖാദര്‍ മാന്യ, ഹനീഫ ചെടേക്കാല്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കുംബഡാജെയില്‍ വിവിധയിടങ്ങളിലായി വലിയ മരങ്ങള്‍ വീണു. കവുങ്ങ്, വാഴ കൃഷിയും വ്യാപകമായി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, പഞ്ചായത്തംഗം ജി.കൃഷ്ണ ശര്‍മ, വില്ലേജ് ഓഫിസര്‍ എസ്. ലീല എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. നഷ്ടവിവരങ്ങള് റവന്യൂ സംഘം ശേഖരിക്കുകയാണ്.

