ഇവിടൊരാള് തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു; രാഹുല്‍ഗാന്ധിയെ ട്രോളി ശിവന്‍കുട്ടി

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടയിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെപി ചേരിയിലേക്ക് പോകുന്നതില്‍ രാഹുല്‍ ഗാന്ധിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കില്‍ എന്ന ക്യാപ്ഷനിലാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ഇവിടൊരാള് തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു – എന്നാണ് ശിവന്‍കുട്ടി കുറിപ്പില്‍ പറയുന്നത്. ഒപ്പം ഗോവയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ വാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്.
ഗോവയില്‍ വീണ്ടും മറുകണ്ടം ചാടല്‍? ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്ന് ബിജെപി
അതേസമയം ഗോവയില്‍ 8 കോണ്‍ഗ്രസ് എം എല്‍ എമാരാണ് ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും അടക്കമുള്ളവരാണ് കോണ്‍ഗ്രസ് പാളയം വിടുന്നത്. എട്ട് പേര് ബിജെപിയിലേക്ക് പോയാല്‍ ഗോവയില്‍ ശേഷിക്കുക മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും. അങ്ങിനെ വന്നാല്‍ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎല്‍എമാര്‍ക്കാകും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് ഗോവയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്നത്. പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയുടെ നേതൃത്വത്തില്‍ എട്ട് പേര് ബിജെപിയില്‍ എത്തുമെന്നായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച ദിംഗംബര്‍ കാമത്ത് അടക്കമുള്ളവരുമാണ് കൂറ് മാറിയത്. രാവിലെ നിയമസഭാ മന്ദിരത്തില്‍ മൈക്കള്‍ ലോബോ വിളിച്ചു ചേര്‍ത്ത നിയമസഭാകക്ഷി യോഗത്തില്‍ ബിജെപിയില്‍ ലയിക്കാനുള്ള പ്രമേയം പാസാക്കി. പിന്നാലെ നിയമസഭയിലേക്കെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് കൂറുമാറിയെത്തുന്നവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ 40 അംഗ നിയസഭയില്‍ കോണ്‍ഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങി.
ഗോവയിലെ കൂറുമാറ്റം:’ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ട് ബിജെപി ഭയന്നെന്ന് കോണ്‍ഗ്രസ്

