KSDLIVENEWS

Real news for everyone

ജലീലിനെതിരെ കേസെടുക്കണമെന്ന ആവശ്യം: വിധി മറ്റന്നാള്‍, കോടതിയോട് മാപ്പു പറഞ്ഞ് പരാതിക്കാരന്‍

SHARE THIS ON

ദില്ലി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി.ജലീലിന് എതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. മറ്റന്നാളത്തേക്കാണ് ദില്ലി റോസ് അവന്യൂ കോടതി, കേസിലെ വിധി പറയുന്നത് മാറ്റിയത്. പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണിയാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച്‌ ദില്ലി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ആവശ്യം. കോടതി നിര്‍ദേശം അനുസരിച്ച്‌ തുടര്‍ നടപടി എടുക്കാമെന്ന് കേസ് പരിഗണിക്കവേ ദില്ലി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. ലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരന്‍ ജി.എസ്. മണി കോടതിയെ അറിയിച്ചു. സംഭവത്തില്‍ പരാതിക്കാരന്‍ നിരുപാധികം മാപ്പ് ചോദിച്ചു. തുടര്‍ന്ന് ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരന്‍ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിയില്‍ ജലീലിന്‍റെ വാദവും ഇന്ന് കോടതി കേട്ടു. ഉത്തരവ് പറയും മുമ്ബ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ അപേക്ഷ നല്‍കിയിരുന്നു.

‘ആസാദ് കശ്മീര്‍’ പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി

കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ജലീല്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീര്‍’, ‘ആസാദ് കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ആ‌ര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്‌ഐആര്‍. ജലീലിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട് എന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!