KSDLIVENEWS

Real news for everyone

ഡോക്‌ടര്‍മാര്‍ക്ക് മുന്തിയ ഇനം നായ്‌ക്കളെയും പോത്തിനെയും നല്‍കി വശത്താക്കി, കൊല്ലം വിനീഷ് ‘ടൂള്‍സ്’ ആക്കിയത് സ്ത്രീകളെയും പൂജാരിമാരെയും

SHARE THIS ON

ആലപ്പുഴ: ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് പത്തു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി.വിനീഷ് രാജന്റെ (32) സംഘത്തില്‍ സ്‌ത്രീകളും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പൂജാരിമാരും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തി. 2017 മുതല്‍ സംസ്ഥാനമൊട്ടാകെ സംഘം തട്ടിപ്പു നടത്തിവരികയായിരുന്നു. വിവിധയിടങ്ങളിലായി 12 സബ് ഏജന്റുമാര്‍ ഈ സംഘത്തിന് കൂട്ടായുണ്ട്. വിനീഷിനെതിരെ 36 കേസുകളിലായി രണ്ടേകാല്‍ കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 89 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക വിവരം. ഇവര്‍ കൂടി പരാതി നല്‍കിയാലാണ് തട്ടിപ്പിന്റെ വ്യാപ്‌തി പത്തു കോടി കടക്കുക. പരാതി നല്‍കാതിരിക്കാന്‍ വിനീഷിന്റെ അഭിഭാഷകര്‍, തട്ടിപ്പിന് ഇരയായവരെ നേരിട്ട് കണ്ട് പണം മടക്കി നല്‍കുന്നതിന് ചെക്കുകള്‍ നല്‍കുന്നതായും പൊലീസ് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്‌ടര്‍മാര്‍, പഞ്ചായത്ത് മെമ്ബര്‍മാര്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവര്‍ പലവിധത്തില്‍ തട്ടിപ്പിന് വിനീഷിനെ സഹായിച്ചതായി കണ്ടെത്തി. വിനീഷിന്റെ ഒരു ഷോപ്പ് മൃഗ ഡോക്‌ടറും എസ്.ഐയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്‌തത്. ദേവസ്വം ബോര്‍ഡ് സൂപ്രണ്ടിന്റെ വ്യാജ ഒപ്പ് നിയമന ഉത്തരവില്‍ ഇട്ടിരുന്നത് കേസില്‍ ആദ്യം പിടിയിലായ അരുണാണ്. ഇയാള്‍ അറസ്‌റ്റിലാകുന്നതിന് മൂന്ന് ദിവസം മുമ്ബ് ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 13 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ മാസം 23 ന് കരീലകുളങ്ങര സ്‌പിന്നിംഗ് മില്ലില്‍ ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് നിയമന ഉത്തരവും നല്‍കി. ഇതില്‍ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറിയുടെ സീലും ഒപ്പുമാണ് പതിച്ചിരുന്നത്. അവിടെ ക്‌ളാര്‍ക്ക് തസ്‌തികയില്‍ ഒഴിവില്ലെന്നും വ്യാജ നിയമന ഉത്തരവാണ് നല്‍കിയിരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 15 ലക്ഷം രൂപയാണ് വാങ്ങിയത്. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളുടെ ടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും സംഘം തയ്യാറാക്കി നല്‍കി.

വിനീഷിന്റെ കൂട്ടു പ്രതികളായ ചെട്ടികുളങ്ങര കടവൂര്‍ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്ബില്‍ വി. അരുണ്‍ (24), കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), ഓലകെട്ടിയമ്ബലം ശ്രേഷ്ഠത്തില്‍ എസ്.ആദിത്യന്‍ (22) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇനിയും ഏഴു പേര്‍ കൂടി അറസ്‌റ്റിലാകാനുണ്ട്.

മരുന്നിന് പകരം പോത്ത് !

മൃഗാശുപത്രി വഴി വിതരണം ചെയ്യേണ്ട മരുന്നുകള്‍ ചില ഡോക്‌ടര്‍മാര്‍ വിനീഷിന് മറിച്ചു നല്‍കിയിരുന്നു. ഇതിന് പകരമായി മുന്തിയ ഇനം നായ്‌ക്കളെയും പോത്തുകളെയുമാണ് അവര്‍ക്ക് നല്‍കിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി; .

തട്ടിപ്പിനായി സംഘം വാങ്ങിയ തുക (ലക്ഷത്തില്‍)

ക്ളര്‍ക്ക്: 9- 15

പ്യൂണ്‍: 5 -8

കഴകം: 5

സെക്യൂരിറ്റി : 5 -7

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!