ഉറ്റവരെ സുരക്ഷിതരാക്കി മറഞ്ഞു; കുണ്ടള ഉരുള്‍പൊട്ടലില്‍ മരിച്ച രൂപേഷിന്റെ മൃതദേഹം സംസ്കരിച്ചു

ഇടുക്കി : മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോട് അശോകപുരം മുത്തപ്പന്‍കാവ് കല്ലട വീട്ടില്‍ രൂപേഷിന്റെ(43) മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഉരുള്വെള്ളത്തില്പ്പെട്ട മിനിവാനില്നിന്ന് ബന്ധുക്കളെയെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷം ആ വാഹനം തള്ളിമാറ്റുമ്പോഴാണ് രൂപേഷ് വീണ്ടുമുണ്ടായ ഒഴുക്കില്‍പ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് രൂപേഷും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന മിനിവാന്‍ ഉരുളില്‍പ്പെട്ടത്. മൂന്നാറിന് സമീപമുള്ള ടോപ്പ് സ്റ്റേഷന് സന്ദര്‍ശിച്ചശേഷം കുണ്ടള അണക്കെട്ടിലേക്ക് പോകവേ മിനിവാനിന് മുമ്പിലേക്ക് കല്ലും ചെളിയും വന്നുവീഴുകയായിരുന്നു. രൂപേഷും ഡ്രൈവര്‍ നികേഷും ചേര്‍ന്ന് കുടുംബാംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന്, ചെളിയില്‍ പുതഞ്ഞ വാഹനം തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍നിന്ന് വീണ്ടും മലവെള്ളം കുതിച്ചെത്തി. രൂപേഷ് മലവെള്ളത്തില്പ്പെട്ടു. നികേഷ് കഷ്ടിച്ച് രക്ഷപ്പെട്ടു. മിനിവാനും കൊക്കയിലേക്ക് ഒഴുകിപ്പോയി.

