അജ്ഞാത സംഘത്തിന്റെ ആക്രമണം: കാഞ്ഞങ്ങാട് അഗ്നിരക്ഷാ ജീവനക്കാരന് പരുക്ക്

തൃക്കരിപ്പൂർ ∙ കാറിലെത്തിയ അജ്ഞാത സംഘം അഗ്നിരക്ഷാ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചു. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ ഫയർ ഓഫിസർ ഗ്രേഡ് മെക്കാനിക്ക് ഉദിനൂരിലെ തൈവളപ്പിൽ രാജനും (53) ഭാര്യ ബിന്ദുവിനും പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11 നു ശേഷമാണ് അക്രമം നടന്നത്. 17 നു മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടയിലായിരുന്നു രാജനും കുടുംബവും.
കാറിൽ വന്നിറങ്ങിയ സംഘം സുഹൃത്തുക്കളായിരിക്കുമെന്നു കരുതി പുറത്തേക്കിറങ്ങിയ രാജനെ മുഖം മൂടി അണിഞ്ഞവർ ഉൾപ്പെടെ 4 പേർ ചേർന്നു പൊടുന്നനെ അക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള അടി ആദ്യം രാജൻ തടുത്തെങ്കിലും തുടരെയുള്ള അടിയിൽ തല പൊട്ടി. അഞ്ചിലേറെ തുന്നിക്കെട്ടുണ്ട്. തുടയെല്ലിനും അടിയേറ്റു പരുക്കുണ്ട്.
അക്രമികളെ തടയാനുള്ള ശ്രമത്തിനിടയിലാണ് ബിന്ദുവിനു അടിയേറ്റത്. കാലിനു പരുക്കുണ്ട്. ആദ്യം തൃക്കരിപ്പൂരിലെയും പിന്നീട് പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറിൽ 6 പേരുണ്ടായിരുന്നതായി രാജൻ പറഞ്ഞു. ഒന്നിലേറെ അതേ സമയം ആരുമായും തർക്കത്തിൽ ഇല്ലെന്നും രാജൻ വിശദീകരിച്ചു.

