കേരളത്തില്‍ നന്ദിനി പാല് വില്ക്കാന് കര്‍ണാടക; എതിര്‍പ്പുമായി മില്‍മ

കൊച്ചി: കേരളത്തില്‍ ഔട്ലെറ്റ് തുടങ്ങാനുളള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്ക്കാന് ഔട്ലെറ്റുകള് തുടങ്ങിയതാണ് മില്‍മയെ ചൊടിപ്പിച്ചത്. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല് വാങ്ങുന്നത് പുനഃപരിശോധിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുളളതായി മില്‍മ ചെയര്മാന് എം എസ് മണി പറഞ്ഞു. കര്‍ഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മില്‍മയുടെ പരിഗണനയിലുണ്ട്. കര്‍ണാടകയെ എതിര്‍പ്പ് അറിയിച്ച് മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഉല്‍പ്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങളെ ആകര്‍ഷിക്കുന്നത്. കേരളത്തില്‍ കുറഞ്ഞ വിലക്ക് പാല് വില്ക്കാന് സാധിക്കും. നന്ദിനി ഉള്‍പ്പെടെയുളള പാലുല്‍പ്പാദക സംഘങ്ങള്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് തുറന്നാല്‍ ആകെ വരുമാനത്തെ ബാധിക്കും. അത് വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മില്‍മയുടെ ആശങ്ക. മില്‍മയുടെ ലാഭത്തിന്റെ ഗണ്യമായ പങ്കും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെയാണ് ലഭിക്കുന്നത്. അമുല്‍ മാതൃകയില്‍ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനങ്ങളാണ് സംസ്ഥാനങ്ങളില്‍ പാലിന്റെയും പാല് ഉല്‍പ്പനങ്ങളുടെയും വിപണി പ്രധാനമായും നിയന്ത്രിക്കുന്നത്. കര്‍ണാടകയില്‍ പാല്വില്പന തുടങ്ങാന്‍ ഗുജറാത്തിലെ അമുല്‍ നീക്കം നടത്തിയപ്പോള്‍ കര്‍ണാടക ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതേ ഫെഡറേഷന് കേരള വിപണിയില്‍ നേരിട്ട് പാല് വില്ക്കാന് വേണ്ടി ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിന്റെ ന്യായമെന്താണെന്ന് മില്‍മ ചോദിക്കുന്നു. അമുല്‍ ഉത്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു. STORY HIGHLIGHTS: Milma protested against Karnataka Milk Marketing Federation STORY HIGHLIGHTS: Milma protested against Karnataka Milk Marketing Federation

