ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയും പോകും; അമേരിക്ക ഇസ്രയേല്‍ സംയുക്ത പ്രഖ്യാപനം

ജറുസലേം : ഇറാനെ ചെറുക്കാന് ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തില് ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാന്‍ ആണവായുധം സമാഹരിക്കുന്നത് തടയാന്‍ എല്ലാ ശക്തിയും ഉപയോഗിക്കാന് അമേരിക്ക സന്നദ്ധമെന്ന് പ്രഖ്യാപനത്തില് ഒപ്പുവച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.ആണവ ഇറാന് ഇനിയുണ്ടാകില്ലെന്ന് ഇസ്രയേല് പ്രധാനമന്ത്രി യായ്ര് ലാപിഡ് അവകാശപ്പെട്ടു. ഇറാന്വിരുദ്ധനീക്കം ശക്തമാക്കി ഇസ്രയേലിനെ മുഖ്യസൈനികപങ്കാളിയാക്കുന്നത് ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി ബൈഡന് ഇസ്രയേലില് എത്തിയത്.
സംയുക്തവാര്ത്താസമ്മേളനത്തില് ഇറാനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് ഇസ്രയേല് പ്രധാനമന്ത്രി നടത്തിയത്. ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളും ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ തിരിച്ചറിയണമെന്ന് ലാപിഡ് പറഞ്ഞു. നയതന്ത്ര നീക്കത്തിലൂടെയുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ബൈഡന്‍ അവകാശപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ 2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ച നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. ഇരുപക്ഷവും പരസ്പരം പഴിചാരുന്നതിനിടെയാണ് ഇസ്രയേലിനെ കൂട്ടുപിടിച്ചുള്ള ബൈഡന്റെ നീക്കം.
ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക സഹായം തുടരാനും ധാരണയായി. 2016ല്‍ ബറാക് ഒബാമ പ്രസിഡന്റും ജോ ബൈഡന്‍ വൈസ് പ്രസിഡന്റുമായിരിക്കെയാണ് പത്തുവര്‍ഷത്തേക്ക് 3800 കോടി ഡോളര്‍ (3.04 ലക്ഷം കോടി രൂപ) സൈനികസഹായം നല്‍കാനുള്ള കരാറില്‍ ഒപ്പിട്ടത്.
ഇസ്രയേല്‍–- പലസ്തീന്‍ വിഷയത്തില്‍ ‘ഇരുരാഷ്ട്ര’ വാദത്തെ പിന്തുണയ്ക്കുന്നതായ നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച ഇസ്രയേല്‍ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്ന ബൈഡന്‍ പലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും. മടക്കയാത്രയില്‍ സൗദി സന്ദര്‍ശിച്ച് സൗദി വ്യോമമേഖലയില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും. പ്രസിഡന്റായതിനുശേഷമുള്ള ബൈഡന്റെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനമാണ് ഇത്.
ഇത് വിവേചനമാണ്
വെള്ളിയാഴ്ചത്തെ ബൈഡന്റെ വെസ്റ്റ് ബാങ്ക് സന്ദര്‍ശനത്തിന് മുന്നോടിയായി ബത്ലഹേമിലും റാമള്ളയിലും പ്രതിഷേധ ബോര്‍ഡുകള്‍. ‘മിസ്റ്റര്‍ പ്രസിഡന്റ്, ഇത് വര്‍ണവിവേചനമാണ്’ എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ സമുദ്രത്തിനും ഇടയിലുള്ള ഭാഗം വര്‍ണവിവേചനം പിന്തുടരുന്നവരാണ് ഭരിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

