KSDLIVENEWS

Real news for everyone

ഏക സിവില്‍കോഡ് സാമുദായിക ധ്രുവീകരണം കൂട്ടും; ലക്ഷ്യം 2024-ലെ തിരഞ്ഞെടുപ്പ് – യെച്ചൂരി

SHARE THIS ON

കോഴിക്കോട്: ഏക സിവില്‍കോഡ് സാമുദായിക ധ്രുവീകരണം വര്‍ധിക്കാനിടയാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ സി.പി.എം. സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു – മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024-ലെ തിരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിലോ സമുദായത്തിലോ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് തുറന്ന ചര്‍ച്ചയിലൂടെ വേണം കൊണ്ടുവരാന്‍. അല്ലാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കണ്ടതല്ല. ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരവും അനുഷ്ഠാനവും പാരമ്പര്യവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണം. ഇത് പരിഗണിക്കാതെയാണ് നിലവിലെ നീക്കം. ഹിന്ദു മതത്തില്‍ മാതാവിന്റെ സഹോദരന്റെ മകനേയൊ മകളെയോ വിവാഹം കഴിക്കുന്ന ആചാരമുണ്ട്. അത് സംരക്ഷിപ്പെടുന്നുമുണ്ട്. സ്വത്തവകാശത്തില്‍ വ്യത്യസ്ത ആചാരം വ്യത്യസ്ത മതങ്ങളില്‍ ഉണ്ട്. സ്ത്രീകള്‍ക്കും വിധവകള്‍ക്കും സ്വത്തവകാശം നിഷേധിക്കുന്ന ഹിന്ദു മതവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് എന്ത് ഏകീകരണമാണ് ഉദ്ദേശിക്കുന്നത്. ഏക സിവില്‍കോഡ് സാമുദായിക ധ്രുവീകരണം കൂട്ടും. ഏകീകരണം നടക്കുകയുമില്ല. ഗോത്ര വിഭാഗങ്ങളെ ഏകീകൃത സിവില്‍ കോഡില്‍നിന്ന് ഒഴിവാക്കണമെന്ന് നാഗാലന്റ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാം എന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി പറയുന്നു. അങ്ങനെ പലരേയും ഒഴിവാക്കിയതായി കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണം. 21-ാം നിയമ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024-ലെ തിരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍. പലവിധം അഭ്യാസങ്ങള്‍ നടത്തിയശേഷം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏക സിവില്‍ കോഡിലാണ്. ലൗ ജിഹാദ് തടയുന്ന നിയമം, ഗോവധ നിരോധന നിയമം തുടങ്ങിയവയെല്ലാം ഇതുപോലെ പ്രത്യേക അജണ്ട മുന്നില്‍ക്കണ്ട് കൊണ്ടുവന്നതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഈ സാമുദായിക ധ്രുവീകരണം ഇന്ത്യ എന്ന സങ്കല്‍പത്തെ ഇല്ലാതാക്കും. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം വെച്ചുള്ളതാണ് ഈ പോക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടനതന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഏക സിവിൽ കോഡ് കൊണ്ടുവരാൻ പോകുന്നു എന്ന് പറഞ്ഞത് മുതൽ അതിനെക്കുറിച്ചാണ് എല്ലായിടത്തും ചർച്ചയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുക്കം ഉമർ ഫൈസി പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ എന്നാണ് കൊണ്ടുവരുമെന്നതിനെ കുറിച്ച് പറഞ്ഞിട്ടും ഇല്ല. കുട്ടികളെ പോത്തായി വരും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് പോലെ ആളുകളെ ഭയപ്പെടുത്തുകയാണ്. ആരും കാണാതെ ഇരിക്കാൻ ഒട്ടക പക്ഷി മണ്ണിൽ തല പൂഴ്ത്തും പോലെ ഒന്നും ആരും കാണുന്നില്ലെന്നാണ് ചിലർ കരുതുന്നത്. വൈവിധ്യങ്ങൾ രാജ്യത്ത് നിലനിൽക്കണം. UCC ക്കെതിരെ ആര് എത് പരിപാടി സംഘടിപ്പിച്ചാലും കൂടെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി ഉണ്ടാക്കാൻ പോകുന്ന നിയമം ഏത് എന്ത് എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നും എല്ലാ സമയത്തും മത ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ സിപിഎം ഒപ്പം ഉണ്ടായിരുന്നുവെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!