അടുത്തവർഷത്തോടെ ഒരു കോടി യുവാക്കൾക്ക് എഐയിൽ പരിശീലനം നൽകും– നിർണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത വർഷത്തോടെ ഒരു കോടി ഇന്ത്യൻ യുവാക്കൾക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുവഴി എഐ രംഗത്ത് ലോകത്തെ നയിക്കാൻ ആവശ്യമായ കഴിവുകളാർജിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളും പ്രേരകശക്തിയും രാജ്യത്തെ യുവജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ കരുത്താണതെന്നും വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ യുവാക്കൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംരംഭകത്വത്തിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. നിലവിൽ 2.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുവാക്കൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംരംഭകത്വ സ്വപ്നങ്ങളുള്ള യുവാക്കൾക്കായി സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിഭവങ്ങളുടെ കുറവ് മൂലം ആരുടെയും സ്വപ്നങ്ങൾ തടസ്സപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വരുന്ന എട്ടു വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് അഞ്ചു മുതൽ എട്ടു വരെ സെമികണ്ടക്ടർ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

