KSDLIVENEWS

Real news for everyone

എസ്‌ഡിപിഐയുടേത് രാഷ്ട്രീയ പാപ്പരത്തം- മഞ്ചേശ്വരത്തെ ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചവർ ഇപ്പോൾ അവകാശവാദവുമായി വരുന്നത് പരിഹാസ്യം:അഷ്‌റഫ്‌ കർള

SHARE THIS ON

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ നിലപാടെടുത്തു എന്ന എസ്‌ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ. ലത്തീഫിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള വെറും അവകാശവാദം മാത്രമാണെന്നും മുസ്ലിം ലീഗ് നേതാവും,കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള പ്രസ്താവനയിൽ പറഞ്ഞു.
മഞ്ചേശ്വരത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾ നിലപാടെടുത്തു എന്ന എസ്‌ഡിപിഐ നേതാവിന്റെ വാക്കുകൾ വസ്തുതാവിരുദ്ധമാണ്. യുഡിഎഫിനെ സഹായിക്കുന്നതിന് പകരം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് ഗുണകരമാകുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ യുഡിഎഫിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിക്കുകയും, പിന്നീട് പിൻവലിക്കുകയും ചെയ്തത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനുള്ള നാടകമായിരുന്നു. സ്ഥാനാർത്ഥിയെ പിൻവലിച്ചതിന് ശേഷവും മണ്ഡലത്തിലെ എസ്‌ഡിപിഐ നേതാക്കൾ ഒന്നടങ്കം യുഡിഎഫിനെ പരാജയപ്പെടുത്താനാണ് തന്ത്രങ്ങൾ മെനഞ്ഞതും പരസ്യമായി രംഗത്തിറങ്ങിയതും.
മഞ്ചേശ്വരത്തെ എസ്‌ഡിപിഐ വോട്ടുകൾ സംഘടനാപരമായി മുസ്ലിം ലീഗിനോ യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം. അഷ്‌റഫിനോ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മതേതര വോട്ടുകൾ ഏകീകരിക്കേണ്ട നിർണ്ണായക ഘട്ടത്തിൽ യുഡിഎഫിനെ തുരങ്കം വെക്കാൻ ശ്രമിച്ച ഇവർ, ഇപ്പോൾ വിജയത്തിൻ്റെ പങ്ക് പറ്റാൻ വരുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

എസ്‌ഡിപിഐയുടെ അണികളിൽ ആരെങ്കിലും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ മനസ്സാക്ഷിക്ക് അനുസരിച്ച് ചെയ്തതാണ്. അല്ലാതെ നേതൃത്വത്തിൻ്റെ താല്പര്യപ്രകാരമല്ല. നേതൃത്വം എപ്പോഴും യുഡിഎഫിനെ തകർക്കാനാണ് നിലകൊണ്ടത്.

മഞ്ചേശ്വരത്തെ എസ്‌ഡിപിഐയുടെ പ്രാദേശിക നേതൃത്വവും പ്രവർത്തകരും ഇടതുപക്ഷ മുന്നണിക്കാണ് പിന്തുണ നൽകിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപി ഉയർത്തിയ വെല്ലുവിളിയെ യുഡിഎഫ് ശക്തമായി നേരിടുമ്പോൾ, ആ പോരാട്ടത്തെ പിന്നിൽ നിന്ന് കുത്താനാണ് എസ്‌ഡിപിഐ ശ്രമിച്ചത്. നേമത്ത് ഒരു നിലപാടും മഞ്ചേശ്വരത്ത് മറ്റൊരു നിലപാടും സ്വീകരിച്ചു എന്ന് പറയുന്നതിലൂടെ ഇവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് വെളിവാകുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ വേണ്ടി മാത്രമാണ് ഇത്തരം വ്യാജ പ്രസ്താവനകളുമായി അവർ ഇപ്പോൾ രംഗത്ത് വരുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ ആത്മാർത്ഥമായ ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ യുഡിഎഫിന്റെ വിജയത്തിനായി നിരുപാധികം നിലകൊള്ളുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. യുഡിഎഫ് പ്രവർത്തകരുടെ കഠിനാധ്വാനത്തെ അവഹേളിക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള എസ്‌ഡിപിഐയുടെ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്ന് അഷ്‌റഫ്‌ കർള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!