KSDLIVENEWS

Real news for everyone

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല: നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ യഥാര്‍ത് അവകാശികള്‍

SHARE THIS ON

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനാ വിഭാഗത്തിലെ കുട്ടികളെ മാത്രം സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് അവഗണിച്ച്‌ വിദ്യാഭ്യാസ വകുപ്പ്.

സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എല്ലാ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്നും അവഗണന നേരിടുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കുമ്ബോഴാണ് സൗജന്യ യൂണിഫോം പദ്ധതിയുടെ യഥാര്‍ത്ഥ അവകാശികള്‍ പദ്ധതിക്ക് പുറത്തായിരിക്കുന്നത്.

സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ ഭാഗമായ എല്‍പി, യുപി ക്ലാസിലേയും എട്ടാം ക്ലാസിലേയും പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗങ്ങളുടെയും മുഴുവന്‍ പെണ്‍കുട്ടികളുടെയും യൂണിഫോം അലവന്‍സാണ് രണ്ട് വര്‍ഷമായി വിദ്യാഭ്യാസവകുപ്പ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ തന്നെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വതന്ത്രമായി നില്‍ക്കുന്ന എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ക്കും അലവന്‍സ് നല്‍കുകയും ചെയ്തു. എയിഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഇതേ വിഭാഗത്തിലെ കുട്ടികള്‍ക്ക് പണം ലഭിച്ചല്ലോ എന്ന ചോദ്യവുമായി രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയതോടെ അധ്യാപകര്‍ വെട്ടിലായി. കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്.

സ്വതന്ത്രമായി നില്‍ക്കുന്ന സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും എയ്ഡഡ് എല്‍പിയിലെ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് കൈത്തറി യൂണിഫോം നല്‍കുന്നത്. എന്നാല്‍ ബിപിഎല്‍, എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്ര ശിക്ഷ കേരള (എസ്‌എസ്‌കെ) ഫണ്ടില്‍ നിന്നാണ്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് എസ്‌എസ്‌കെ ഫണ്ട് വിഹിതം. പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ എസ്‌എസ്‌കെ ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികള്‍ക്ക് യൂണിഫോം നിഷേധിച്ചത്. പിഎം ശ്രീയില്‍ ധാരണയിലെത്താത്തതിന് കാരണം സിപിഐയുടെ രാഷ്‌ട്രീയ എതിര്‍പ്പും.

20 കോടി രൂപയാണ് യൂണിഫോം പദ്ധതിക്ക് വേണ്ടിവരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വിഹിതം നല്‍കിയാല്‍ കേന്ദ്ര ഫണ്ടിനെ ആശ്രയിക്കാതെ തന്നെ പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം ലഭിക്കും. എന്നാല്‍ ആ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിക്കാന്‍ തയ്യാറുമല്ല. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാഷ്‌ട്രീയലാഭത്തിനായി പദ്ധതികളോട് സംസ്ഥാനം മുഖം തിരിക്കുമ്ബോള്‍ ഈ വര്‍ഷവും യൂണിഫോമിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!