ഒരു ദിവസത്തെ വ്യത്യാസത്തിൽ ജനനം, സഹോദരിമാരുടെ ഇരട്ടമക്കൾക്ക് എ പ്ലസ്; വിജയത്തിനു മധുരം മധുരം നാലിരട്ടി

കാസർകോട് ∙ ഇരട്ട മക്കളുടെ വിജയത്തിനു മധുരം നാലിരട്ടി. കാസർകോട്ടെ സഹോദരിമാരായ ആയിഷത്ത് സഫൂറയുടെയും ഷംസാദ് ബീഗത്തിന്റെയും മക്കൾക്കാണ് ഈ നേട്ടം. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ.മൂമിന, സി.കെ.മുസ്‍ലിമ, സൂറംബയൽ ഗവ.ഹൈസ്കൂളിലെ കെ.എച്ച്.ഖദീജ ഷബ്നം, കെ.എച്ച്.ഫാത്തിമത്ത് ഷഫ്ന എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഒരു ദിവസത്തെ മാത്രം വ്യത്യാസത്തിലാണ് 2 വീടുകളിലെയും ഇരട്ടക്കുട്ടികൾ ജനിച്ചത്. 2005 ഓഗസ്റ്റ് 2നു രാത്രി 8.30നാണു മൂമിനയുടെയും മുസ്‍ലിമയുടെയും ജനനം. ഓഗസ്റ്റ് 4നു രാത്രി 12.05നു ഷബ്നയുടെയും ഷഫ്നയുടെയും ജനനം. ഫുൾ എ പ്ലസ് നേടിയ ‘കസിൻസിന്’ അഭിനന്ദന പ്രവാഹമാണിപ്പോൾ. ബെണ്ടിച്ചാൽ ഗവ.യുപി സ്കൂൾ അധ്യാപകരായ ചട്ടഞ്ചാൽ കാവുംപള്ളത്തെ സി.കെ.അബ്ദുൽ ഖാദറിന്റെയും കെ.എ.ആയിഷത്ത് സഫൂറയുടെയും മക്കളാണു മൂമിനയും മുസ്‍ലിമയും.
സീതാംഗോളി ദാറുസലാമിലെ വ്യാപാരി കെ.ഹമീദിന്റെയും അംഗടിമുഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഷംസാദ് ബീഗത്തിന്റെയും മക്കളാണു ഖദീജ ഷബ്നയും ഫാത്തിമത്ത് ഷഫ്നയും. ഉമ്മമാരെപ്പോലെ അധ്യാപകരാകണമെന്ന മോഹമാണ് 4 പേർക്കും. പ്ലസ് വണിൽ ചട്ടഞ്ചാലിൽ പഠിക്കാനാണു മൂമിനയ്ക്കും മുസ്‍ലിക്കും ആഗ്രഹം. ഷബ്നയ്ക്കും ഷഫ്നയ്ക്കും കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ചേരാനാണു ആഗ്രഹം.
പരവനടുക്കം ചെമ്മനാട് ഗവ.എൽപി സ്കൂളിനടുത്തെ കൈന്താർ ഹൗസിൽ പരേതരായ കെ.അഹമ്മദിന്റെയും ഫാത്തിമത്ത് സുഹറയുടെയും മക്കളാണ് ആയിഷത്ത് സഫൂറയും ഷംസാദ് ബീഗവും. തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ എംടെക് വിദ്യാർഥി അഹമ്മദ് സ്വാലിഹാണു മൂമിനയുടെയും മുസ്‍ലിമയുടെയും സഹോദരൻ. ആയിഷ ഷഫ്ന, ഹലീമ ഹയ, മുഹമ്മദ് അമീൻ എന്നിവരാണു ഷബ്നയുടെയും ഷഫ്നയുടെയും സഹോദരങ്ങൾ.

