ലക്നോ ലുലു മാളില്‍ കയറി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം; ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ലക്നോ | ഉത്തര്‍പ്രദേശിലെ ലക്നോയില്‍ പുതുതായി തുറന്ന ലുലുമാളില്‍ കയറി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച ഹിന്ദുത്വ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിന് പുറത്ത് തടിച്ചുകൂടി രാമായണ പാരായണവും മുദ്രാവാക്യങ്ങളും വിളിച്ച് പ്രതിഷേധിച്ച ഹിന്ദു മഹാസഭ ഭാരവാഹികളെയും മാളിനുള്ളില്‍ കയറി ഹനുമാന്‍ ചല്‍സ ആലപിച്ച കര്‍ണിസേന പ്രവര്‍ത്തകരായ രണ്ട് യുവാക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്.
ലുലുമാളിന്‍െറ കവാടത്തിന് പുറത്ത് തടിച്ചുകൂടിയാണ് ഒരു സംഘം ഹിന്ദു സമാജ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചത്. രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തും വര്‍ഗീയ മുദ്രാവാക്യം വിളിച്ചും മാളിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ മാളിന് മുന്നില്‍ നിലയുറപ്പിച്ച പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാവി പതാകകളുമേന്തിയാണ് സംഘം ലുലുവിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതിനുപിന്നാലെ രണ്ട് യുവാക്കള്‍ മാളിനുള്ളില്‍ പ്രവേശിച്ച് ഹനുമാന്‍ ചല്‍സ ആലപിച്ചു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജൂലൈ 10ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലുലുമാള്‍ ഉദ്ഘാടനം ചെയ്തത്. 11 മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിനു ശേഷം ഇവിടെ സന്ദര്‍ശനത്തിന് എത്തിയ ചിലര്‍ മാളിനുള്ളില്‍ നിസ്കാരം നിര്‍വഹിക്കുന്ന വീഡിയോ ഹിന്ദു മഹാസഭ, ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മാള്‍ അധികൃതര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ഇതോടെ മാളില്‍ മതപരമായ പ്രാര്‍ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഹിന്ദുത്വര്‍ മാളില്‍ കയറി സംഘര്‍ഷത്തിന് ശ്രമം നടത്തിയത്.

