കടല്ക്കരയിലെ പാറക്കെട്ടിലിരുന്ന് ഭര്‍ത്താവിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

മുംബൈ: കടല്ക്കരയിലെ പാറക്കെട്ടിലിരുന്ന് ഭര്‍ത്താവിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു.
മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോര്‍ട്ടില്‍ ജൂലൈ 9ന് നടന്ന സംഭവത്തില്‍ ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാര്‍ ആണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ, ഇവരുടെ മേല്‍ ശക്തമായ തിരയടിച്ച് നിലതെറ്റി വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. സംഭവസമയം ഇവരുടെ മൂന്നു മക്കളും കരയില്‍ നിന്ന് അലറിവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

