അവിഹിതം, വേശ്യ, ജാരസന്തതി തുടങ്ങിയ പദങ്ങൾ കോടതിയിൽനിന്ന് ഔട്ട്; കൈപ്പുസ്തകം ഇറക്കി സുപ്രീം കോടതി

ന്യൂഡൽഹി: ലിംഗവിവേചനമുളള സ്റ്റീരിയോ റ്റൈപ്ഡ് (വാർപ്പ് മാതൃക) ഭാഷാപ്രയോഗങ്ങൾ കോടതികളിൽനിന്ന് ഒഴിവാക്കുന്നതിനായി സുപ്രീം കോടതി കൈപ്പുസ്തകംപുറത്തിറക്കി. വാക്കുകൾക്കു പുറമെ നാൽപ്പതിലധികം ഭാഷാപ്രയോഗങ്ങൾക്ക് പകരം കോടതികളിൽ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങൾ അടങ്ങുന്ന കൈപ്പുസ്തകമാണ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവാക്കേണ്ട പദങ്ങൾ/പ്രയോഗങ്ങൾ, പകരം ഉപയോഗിക്കേണ്ട പദങ്ങൾ/പ്രയോഗങ്ങൾ എന്നിവയാണ് കൈപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങൾ ഇനിമുതൽ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം (Affair) എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം. കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാൽ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാൽ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കൾക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂർത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതൽ പറയേണ്ടത്. ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാൽ മതി. ‘തെരുവിൽ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതൽ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകൾ’ എന്നോ, ‘അതിജീവിതകൾ’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതിൽ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതൽ ഉപയോഗിക്കേണ്ടത്. കർത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതൽ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാൽ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാർഹിക പരിപാലനം നടത്തുന്നവർ’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യൻ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാൽ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

