തിയറ്ററുകൾ എത്രയും പെട്ടന്ന് തുറക്കാൻ അനുവദിക്കണം; നഷ്ടം 9000 കോടിയെന്ന് മൾട്ടിപ്ലക്സ് ഉടമകൾ

ന്യൂഡൽഹി: കോവിഡ് കാലത്ത് ഏറ്റവും തിരിച്ചടി നേരിട്ടവരാണ് തിയറ്റർ ഉടമകൾ. നാലാം ഘട്ട അൺലോക്കിൽ ഒാഡിറ്റോറിയങ്ങൾക്കും മറ്റും നിയന്ത്രണങ്ങളോടെ പ്രവർത്താനാനുമതി ലഭിച്ചപ്പോൾ തിയറ്ററുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമായില്ല. ഇൗ സാഹചര്യത്തിൽ സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യ പ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ആറുമാസത്തിനിടെ മൾട്ടിപ്ലക്സ് മേഖലക്ക് 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു. നേരിട്ട് ഒരു ലക്ഷം പേർക്കും പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി സർക്കാരിനോട് അസോസിയേഷൻ വ്യക്തമാക്കി.
സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, െഎനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്‌കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്.

