റോഡ് കുഴിയാക്കിയിടാന്‍ എന്തിനാണ് എന്‍ജിനീയര്‍മാര്‍?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ എന്തിനാണ് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി ചോദിച്ചു. എന്‍ജിനീയര്‍മാര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്. അവരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോയെന്നും ഹൈക്കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ച കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയടക്കല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പുതുക്കി പണിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആലുവ- മൂന്നാര്‍ റോഡ് മൂന്ന് വരിയാക്കി പുതുക്കി പണിയുമെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

