നമ്മള്‍ ഇന്ത്യൻ ജനത; ഭരണഘടനയുടെ ആമുഖം വായിച്ച് ലക്ഷങ്ങള്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ഭരണഘടന ആമുഖ വായന ചടങ്ങില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും കാവലേകുന്ന ഭരണഘടനക്കുനേരെ പോലും കേന്ദ്ര സര്‍ക്കാറിന്റെ കടന്നുകയറ്റമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ മാനവ സാഹോദര്യം വിളിച്ചോതി ഭരണഘടന ആമുഖ വായന ചടങ്ങ് സംഘടിപ്പിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. സാമൂഹിക ക്ഷേമ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2.3 കോടി പേരാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റക്കായും കൂട്ടായും ഭരണഘടന ആമുഖ വായന നടന്നു. വിദ്യാര്‍ഥികള്‍, ആക്ടിവിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പരിപാടിയില്‍ പങ്കാളികളായി. സ്കൂളുകളിലും കോളജുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഓഫിസുകളിലുമടക്കം ആളുകള്‍ ജനാധിപത്യ കാവലിനായി പ്രതിജ്ഞയെടുത്തു.
വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരുവില്‍ വിധാൻ സൗധക്ക് മുന്നില്‍ നടന്ന ഔദ്യാഗിക ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാൻ ബസവരാജ് ഹൊരട്ടി, സാമൂഹിക ക്ഷേമ മന്ത്രി
എച്ച്.സി. മഹാദേവപ്പ തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്ത് ജനാധിപത്യത്തെ സ്വീകരിച്ച രാജ്യങ്ങളുടെ എണ്ണം അസംഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇന്ത്യയുടെ പുരാതന ചരിത്രത്തില്‍ ജനാധിപത്യം നിലനിന്നിരുന്നതായി കാണാമെന്ന് പറഞ്ഞു. ജനാധിപത്യത്തെ വളര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ച ബസവേശ്വരയുടെ സംഭാവനകള്‍ ഓര്‍മിച്ച മുഖ്യമന്ത്രി, ബസവേശ്വരക്ക് ആദരമര്‍പ്പിക്കുന്നതായി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഭരണഘടനയെ കുറിച്ചും അതിന്റെ മൂല്യങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. കന്നട മണ്ണിന്റെ ഭൂമികയെയും വൈജാത്യങ്ങളെയും സംസ്കാരങ്ങളെയും ഓര്‍മിപ്പിക്കുന്ന രാഷ്ട്രകവി കുവെമ്ബുവിന്റെ ഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ഭരണഘടനയുടെ ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി ചടങ്ങില്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇത് വിധാൻ സൗധയില്‍ മൂന്നാം നിലയിലെ കാബിനറ്റ് ഹാളില്‍ പ്രദര്‍ശിപ്പിക്കും.

