KSDLIVENEWS

Real news for everyone

833 കിലോ റേഷനരി പലച്ചരക്കുകടയിൽ; കണ്ടെത്തിയത് 758 കിലോ പച്ചരിയും 75 കിലോ പുഴുക്കലരിയും

SHARE THIS ON

ഉപ്പള ∙ റേഷൻകടകളിലൂടെ വിതരണം ചെയ്യേണ്ട 833 കിലോ റേഷനരി പലച്ചരക്കുകടയിൽ നിന്നു കണ്ടെത്തി. 758 കിലോ പച്ചരിയും 75 കിലോ പുഴുക്കലരിയുമാണ് ബായിക്കട്ടയിലെ രണ്ടു കടകളിൽ നിന്നായി സിവിൽ സപ്ലൈസ് ഓഫിസറുടെ നേതൃത്വത്തിൽ പരിശോധനയിൽ കണ്ടെത്തിയത്. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽപന നടത്തുന്നത് സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബായിക്കട്ടയിലെ എകെഎം ജനറൽ സ്റ്റോറിൽ നിന്നാണു താലൂക്ക് സപ്ലൈ ഓഫിസർ കെ.പി.സജിമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 641 കിലോ റേഷൻ പച്ചരിയും 75 കിലോ പുഴുക്കലരിയും കണ്ടെത്തിയത്.

ഇതേ സ്ഥലത്തെ ജെപി ജനറൽ സ്റ്റോർ കടയിൽ നിന്നേ 117 കിലോ പച്ചരി പിടിച്ചെടുത്തു. കണ്ടെത്തിയ സാധനങ്ങൾ മഞ്ചേശ്വരം എൻഎഫ്എസ്എ റേഷൻ മൊത്തവിതരണ കേന്ദ്രത്തിനു കൈമാറി. റേഷൻകടയിൽ നിന്നു ലഭിക്കുന്ന റേഷൻ വിഹിതം കാർഡുടമകൾ കടയിൽ നൽകിയതാണു പിടിച്ചെടുത്ത അരി എന്നു കടയുടമകൾ പറഞ്ഞു. 2 കടയുടമകൾക്കെതിരെയും ആവശ്യസാധന(ദുരുപയോഗ) നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫിസർ എം.രവീന്ദ്രൻ, റേഷനിങ് ഇൻസ്പെക്ടർ സുരേഷ് നായ്ക്, ഡ്രൈവർ നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!