ദേശീയപാത വികസനം: ഒന്നര മീറ്റർ താഴ്ചയിൽ സർവീസ് റോഡ്, മേൽപ്പാലത്തിന്റെ ഉയരവും കുറഞ്ഞു: പ്രതിഷേധം

ചെർക്കള:. ദേശീയപാത വികസനത്തിൽ സർവീസ് റോഡ് ഒന്നര മീറ്റർ വരെ താഴ്ചയിൽ പണിയുന്നതിനു എതിരെ നാട്ടുകാർ പ്രക്ഷോഭത്തിൽ. ടൗൺ കീറിമുറിച്ചു സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാണ് പരാതി. മേൽപാലം, സർവീസ് റോഡ് എന്നിവയുടെ നിർമാണം അശാസ്ത്രീയമാണ് എന്ന പരാതികൾ നിർമാണക്കമ്പനിക്ക് നാട്ടുകാർ നൽകി. ഇന്നു സൂചന സമരം നടക്കും. നിലവിലുള്ള റോഡിൽ നിന്നു ഒന്നര മീറ്റർ വരെ താഴ്ത്തി ആണ് സർവീസ് റോഡ് പണിയുന്നത്.രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ എന്നിവർ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. സി.എച്ച്.മുഹമ്മദ് കുഞ്ഞി ബടക്കേക്കര, സി.കെ.കെ.ഹാരിസ്, സി.എച്ച്.ഷുക്കൂർ, ഷാഫി ഇറാനി തുടങ്ങിയവർ അധികൃതരുമായി ചർച്ച നടത്തി.
മേൽപ്പാലത്തിന്റെ ഉയരവും കുറഞ്ഞു
നേരത്തെ ഗവ.ഹൈസ്കൂളിനു സമീപത്തു നിന്നു മേൽപാലം തുടങ്ങാനായിരുന്നു നിർദേശം. അത് പിന്നീട് പഞ്ചായത്ത് ഓഫിസ് സമീപത്തു നിന്നായി. അതോടെ ടൗണിൽ എത്തുമ്പോൾ മേൽപാലത്തിന്റെ ഉയരം കുറഞ്ഞു. ഇതിനടിയിലൂടെ വലിയ ലോറികൾക്കു ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു കടന്നു പോകുന്നതിനു കഴിയില്ലെന്നാണു പരാതി ഉയരുന്നത്. കടകളിലേക്കും മറ്റും ഏണി വച്ച് കയറേണ്ട സ്ഥിതിയാണ് വരാൻ പോകുന്നതെന്നു വ്യാപാരികൾ പറയുന്നു. ഗവ.ഹൈസ്കൂളിനു സമീപം വിദ്യാർഥികൾക്കായി അടിപ്പാത പണിയണമെന്ന ആവശ്യം ഇനിയും നടപ്പിലായില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

