നീലേശ്വരത്ത് മാർക്കറ്റ് ജംക്ഷനിൽ ആകാശപ്പാത വേണമെന്ന ആവശ്യം: അഡ്‌ഹോക് കമ്മിറ്റി രാപകൽ സമരം വെള്ളിയാഴ്ച; അനിശ്ചിതകാല സമരം 29 മുതൽ

നീലേശ്വരം: മാർക്കറ്റ് ജംക്ഷനിൽ ആകാശപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള രാപകൽ സമരം ഇന്നു നടക്കും. എം.രാജഗോപാലൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. 29 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ, സാംസ്കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് 4ന് നീലേശ്വരം നഗരസഭാ ഹാളിലും, മൂവായിരത്തോളം പേർ അണിനിരക്കുന്ന ജനകീയ കൺവൻഷൻ 28ന് വൈകിട്ട് 4.30ന് മാർക്കറ്റിൽ ജംക്‌ഷനിലും നടക്കും.
യോഗത്തിൽ നഗരസഭാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കെ.പി.സതീഷ് ചന്ദ്രൻ, വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, അഡ്‌ഹോക് കമ്മിറ്റി കോഓർഡിനേറ്റർ ഇ.ഷജീർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ.വി.സുരേന്ദ്രൻ, കെ.സതീശൻ, ഇ.കെ.ചന്ദ്രൻ, ഇ.ചന്ദ്രമതി, നഗരസഭാ കൗൺസിലർ പി വി സതീശൻ, അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളായ മാമുനി വിജയൻ, എറുവാട്ട് മോഹനൻ, കെ.പി.നസീർ, കെ.വി.സുരേഷ് കുമാർ, ഉദയൻ പാലായി, സേതു ബങ്കളം, രമേശൻ കാര്യകോട്, പി.മനോഹരൻ, ഷംസുദ്ദീൻ അറിഞ്ചിറ, സുരേഷ് പുതിയേടത്ത്, പി.യു.വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെവി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പള്ളിക്കര മേൽപാലം: ആശങ്ക മാറാതെ നാട്ടുകാർ
നീലേശ്വരം: ദേശീയപാതയിൽ ബാക്കിയുണ്ടായിരുന്ന ഏക ലവൽക്രോസായിരുന്നു നീലേശ്വരം പള്ളിക്കരയിലേത്. ഏറെക്കാലത്തെ മുറവിളിക്കുശേഷം മേൽപാലം അനുവദിച്ചപ്പോൾ എംബാങ്മെന്റ് രീതിയിലാണ് പാലം നിർമിച്ചത്. 3 വിള കൃഷി ചെയ്തിരുന്ന വയലിലൂടെയാണ് ശാസ്ത്രീയ പരിശോധന നടത്താതെ മണ്ണിട്ടുയർത്തി പാലം നിർമിച്ചത് എന്ന ആക്ഷേപമുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിലൊഴികെ ബാക്കി എല്ലാ സമയത്തും വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പ് പ്രദേശമാണിത്. ഇവിടെ മണ്ണിട്ടുയർത്തിയുള്ള നിർമാണം പാലത്തിന്റെ ആയുസ്സിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നും തൂണുകളിലുള്ള നിർമാണമാണ് അഭികാമ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുത്തതു മുതൽ പാലത്തിന്റെ ഭിത്തിയിലെ ബ്ലോക്കുകൾക്ക് ഇടയിലൂടെ ചെളിവെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങി. ഈ റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ രൂപപ്പെട്ട വിള്ളലുകളും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഭിത്തിയുടെ വിള്ളലിലൂടെ ചെളിവെള്ളം ഒലിച്ചിറങ്ങുന്നത് തടഞ്ഞ് കണ്ണിൽ പൊടിയിടാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. തൊട്ടടുത്ത പ്രദേശമായ നീലേശ്വരം മാർക്കറ്റിലും മണ്ണിട്ടുയർത്തിയുള്ള നിർമാണത്തിനെതിരെ സമരം നടക്കുന്നുണ്ട്.

