നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും, ലീഗ് വെല്ലുവിളി ഉയർത്തില്ല-സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാലാം തീയതി വരെ കാത്തിരിക്കാമെന്നും അതുവരെ നേതാക്കൾ എന്തുവേണമെങ്കിലും സംസാരിച്ചോട്ടെയും പറഞ്ഞ അദ്ദേഹം, ഫലപ്രഖ്യാപനത്തിനുശേഷം തർക്കമൊന്നും പാടില്ലെന്ന് വ്യക്തമാക്കി. കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലാം തീയതിക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കാൻ യുഡിഎഫും കോൺഗ്രസും നിർബന്ധിതമാകും. അപ്പോൾ ലീഗും ഇടപെടും. നാലാംതീയതി വരെ ഇതൊക്കെയുണ്ടാകും. അതിനുശേഷം സമാധാന അന്തരീക്ഷത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടാകും, സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ തർക്കം രൂക്ഷമായാൽ ലീഗ് ഇടപെടുമോ എന്ന ചോദ്യത്തിന്, നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, നിലവിൽ ആക്കാര്യം അജണ്ടയിലില്ലെന്നും വ്യക്തമാക്കി. വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല. ലീഗിന് അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്. അത് പറയാതെ തരും, തങ്ങൾ പറഞ്ഞു. വനിതാ സംവരണത്തിന്റെ മറവിൽ കേന്ദ്രസർക്കാർ അവർക്ക് ജയിക്കാൻ കഴിയുന്ന പരമാവധി സീറ്റുകളുണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു

