KSDLIVENEWS

Real news for everyone

ഇത് പരിഗണിച്ചാൽ വേറെയും ഹർജികൾ വരും: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

SHARE THIS ON

ന്യൂഡൽഹി∙ കേരളത്തിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒരു ഹർജി പരിഗണിച്ചാൽ സമാന ഹർജികൾ വിവിധയിടങ്ങളിൽനിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ പോകുന്നതുപോലെ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ച് തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷൻ ശ്രീറാം പാറക്കാട്ടു വഴിയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി തിരൂരിൽ സ്റ്റോപ്പ് എന്ന ആവശ്യം തള്ളിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ‘ഇത് പരിഗണിച്ചാൽ വേറെയും ഹർജികൾ വരും’: തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!