KSDLIVENEWS

Real news for everyone

ഒളിച്ചോടിയ ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; നാലു പേർ അറസ്റ്റിൽ

SHARE THIS ON

ജയ്പുർ∙ രാജസ്ഥാനിലെ ജോധ്പുരിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷമാണ് അക്രമികൾ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ് അക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നിൽ മൂന്ന് കോളജ് വിദ്യാര്‍ഥികളാണെന്നും ഇവരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. അജ്മീറിൽനിന്ന് ശനിയാഴ്ച ഒളിച്ചോടിയ കമിതാക്കൾ രാത്രി 10.30 ഓടെയാണ് ജോധ്പുരിലെത്തിയത്. മുറിയെടുക്കാനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവർ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇവിടം വിടുകയായിരുന്നു. ഗസ്റ്റ് ഹൗസിനു വെളിയിൽ നിൽക്കുമ്പോഴാണ് പ്രതികളായ സമന്ദർ സിങ്ങ്, ധരംപാല്‍ സിങ്ങ്, ഭതം സിങ്ങ് എന്നിവർ ഇവർക്കരികിൽ എത്തിയത്. കഴിക്കാന്‍ ഭക്ഷണം നൽകാമെന്നും താമസിക്കാനുള്ള ഇടം ശരിയാക്കാമെന്നും ഉറപ്പു നൽകി പ്രതികൾ ഇരുവരെയും കൂടെക്കൂട്ടി. റെയിൽവേ സ്റ്റേഷനിൽ വിടാമെന്ന് പറഞ്ഞ് പ്രതികൾ ഞായറാഴ്ച പുലർച്ചെ നാലു മണിക്ക് ഇവരെ ജോധ്പുരിലെ ജെഎൻവി യൂണിവേഴ്സിറ്റി ക്യാംപസിലെ ഹോക്കി മൈതാനത്ത് എത്തിക്കുകയും ഇവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികൾ അവിടെനിന്നു കടന്നുകളഞ്ഞു. രാവിലെ ക്യാംപസിൽ നടക്കാനിറങ്ങിയവരാണ് പെൺകുട്ടിയുടെ കാമുകൻ പറഞ്ഞതനുസരിച്ച്‌ പൊലീസിനെ വിളിച്ചുവരുത്തിയത്. ഡോഗ് സ്ക്വാഡിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക്ക് ചെയ്ത് മൂവരെയും ജോധ്പുരിലെ ഗണേഷ്പുരത്തുള്ള വീട്ടിൽ കണ്ടെത്തി. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികള്‍ക്ക് വീണു പരുക്കേറ്റതായി സീനിയർ പൊലീസ് ഓഫിസർ അമൃത ദുഹാൻ അറിയിച്ചു. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, എസ്‌സി–എസ്ടി സംരക്ഷണ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ എബിവിപി വിദ്യാർഥി നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇവർക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് എബിവിപി പ്രതികരിച്ചു. സംഘടനയുടെ പ്രതിഛായ തകർക്കാൻ മനഃപൂർവം കഥകളുണ്ടാക്കുകയാണെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാൽ പ്രതികൾ എത്ര സ്വാധീനമുള്ളവരായാലും പെൺകുട്ടിക്ക് നീതി ലഭിക്കാനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കി. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ തിങ്കളാഴ്ച എബിവിപിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!