KSDLIVENEWS

Real news for everyone

UPA പേര് മാറ്റിയേക്കും; വിശാല പ്രതിപക്ഷ ഐക്യം 2024-ല്‍ ബിജെപിയെ നേരിടുക പുതിയ പേരില്‍,

SHARE THIS ON

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപംകൊണ്ട വിശാല പ്രതിപക്ഷ ഐക്യം കളത്തിലിറങ്ങുക പുതിയ പേരിൽ. നിലവിൽ യു.പി.എ. എന്ന പേരിലാണ് പ്രതിപക്ഷ മുന്നണി അറിയപ്പെടുന്നത്. ഈ പേരാണ് മാറ്റാനൊരുങ്ങുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ബെംഗളൂരുവിൽ ഇന്ന് ( തിങ്കളാഴ്ച ) ആരംഭിക്കുന്ന യോഗത്തിൽ 24 ബി.ജെ.പി. വിരുദ്ധ പാർട്ടികൾ ഒത്തുചേരുമെന്നാണ് വിവരം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എ.എ.പി. തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുക. രണ്ടുദിവസമാണ് യോഗം.

ചൊവ്വാഴ്ചത്തെ യോഗത്തിൽ സഖ്യത്തിന്റെ പുതിയ പേര് തീരുമാനിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2004 മുതൽ 2014 വരെ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന യു.പി.എയുടെ ചെയർപേഴ്സൺ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയായിരുന്നു.

പുതിയ പ്രതിപക്ഷ ഐക്യത്തിന് പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും ഇതിന്റെ കരട് രൂപത്തെ കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റ് പങ്കുവെക്കലിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.


പൊതു മിനിമം പരിപാടിയുടെ കരട് രൂപം തയ്യാറാക്കാൻ ഒരു ഉപസമിതി രൂപവത്കരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് കൂടാതെ റാലികൾ, കൺവെൻഷനുകൾ, പ്രതിഷേധങ്ങൾ തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യാനും ഉപ സമിതി രൂപവത്കരിക്കും.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗം, തിരഞ്ഞെടുപ്പ് കമ്മിഷനോട് പരിഷ്കാരങ്ങൾക്ക് ശുപാർശ നൽകിയേക്കും.


ഇത് രണ്ടാംതവണയാണ് പ്രതിപക്ഷ ഐക്യ സമ്മേളനം നടക്കുന്നത്. ആദ്യത്തേത് ജൂൺ 23-ന് ബിഹാറിലെ പട്നയിലായിരുന്നു നടന്നത്. അന്ന് 15 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!