KSDLIVENEWS

Real news for everyone

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യു.എ.ഇ

SHARE THIS ON

ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ. ഇറാന്റെ നടപടി അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്‌റൈനും കുവൈത്തിനും ജോർദാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും തങ്ങളുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും പൂർണ പിന്തുണയുണ്ടെന്നും യു.എ.ഇ അറിയിച്ചു.

കുവൈത്തിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും തങ്ങൾക്കെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾ ശക്തമായ തിരിച്ചടി നേരിടുമെന്നും ഇറാൻ സൈന്യം അറിയിച്ചു.”യു.എസിന് സൈനിക താവളങ്ങൾ അനുവദിക്കുന്നതും ഇറാൻ മണ്ണിലേക്ക് ആക്രമണം നടത്താൻ അവർക്ക് അനുവാദം നൽകുന്നതും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇതിന് തക്കതായ മറുപടി നൽകേണ്ടിവരുമെന്ന് അയൽരാജ്യങ്ങൾ മനസ്സിലാക്കണം.” ഇറാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

ജോർദാനിലെ അൽ അസ്രഖ് വ്യോമ താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് നടത്തിയത്. അതോടൊപ്പം കുവൈത്തിലെ അലി അൽ സലേം വ്യോമ താവളത്തിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രവും ഏർലി വാണിംഗ് റഡാർ സംവിധാനവും അൽ ഷുഐബ മേഖലയിലുള്ള യു.എസ് സൈനിക പിയർ (സൈനിക കപ്പലുകൾ അടുപ്പിക്കുന്ന ജെട്ടി പോലുള്ള കേന്ദ്രം) തകർത്തതായും ഇറാൻ റെവല്യൂഷണറി ഗാർഡ് കോപ്സ് അവകാശപ്പെട്ടു. അതേസമയം, ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ നിരവധി വ്യോമാക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വഴി വിജയകരമായി നശിപ്പിച്ചതായി ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!