ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; ആക്രമണത്തിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരുടെ ചിത്രം പങ്കുവെച്ച് ഇറാന്റെ ഭീഷണി

വാഷിങ്ടൺ: ഇറാനെതിരേ അമേരിക്ക നടത്തിയ ആക്രമണത്തിൽ പങ്കെടുത്ത യു.എസ്. നാവിക സേനാ ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ച് ഭീഷണി സന്ദേശവുമായി ഇറാൻ. അമേരിക്കൻ യുദ്ധക്കപ്പലായ ‘യു.എസ്.എസ് സ്പ്രുവാൻസിന്റെ’ കമാൻഡർ ലെയ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരേയാണ് ഇറാന്റെ ഭീഷണി. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയാണ് സോഷ്യൽ മീഡിയയിലൂടെ യു.എസ്. കമാൻഡർമാർക്കെതിരെ സന്ദേശം പങ്കുവെച്ചത്.
‘ഈ രണ്ട് കുറ്റവാളികളെയും ഓർമ്മിക്കുക. മിനാബിലെ ഒരു സ്കൂളിൽ 168 നിരപരാധികളായ കുട്ടികളേ കൊന്നൊടുക്കിയവരാണിവർ. ഞങ്ങൾ നിങ്ങളെ കണ്ടെത്തും’, ഇറാൻ എക്സിൽ കുറിച്ചു. ഇരുവരുടേയും ഫോട്ടോകൾ ഉൾപ്പെടെയാണ് ഇറാന്റെ ഭീഷണി സന്ദേശം.
ഫെബ്രുവരി 28-ന് ഇറാനിലെ മിനാബിലുള്ള ഒരു പ്രൈമറി സ്കൂളിന് നേരെ യു.എസ്. സേന ടോമാഹോക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 168-ഓളം കുട്ടികൾ കൊല്ലപ്പെട്ടിരുന്നു
ഇറാനെതിരായ സജീവ പോരാട്ടത്തിനുശേഷം, 357 ദിവസത്തെ സേവനം പൂർത്തിയാക്കി ഇരു ഉദ്യോഗസ്ഥരും വെള്ളിയാഴ്ച കാലിഫോർണിയയിലേക്ക് മടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ഇറാൻ ഇരുവർക്കുമെതിരേ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർധിച്ചതിനെ തുടർന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് ഉൾപ്പെടെയുള്ള ഉന്നതർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൈനിക താവളങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

