ഷീന ബോറ ജമ്മു കശ്മീരില്‍ ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ ഇന്ദ്രാണി മുഖർജി; സിബിഐക്ക് കത്തയച്ചു

മുംബൈ:മകൾ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി ഷീന ബോറ വധക്കേസിൽ വിചാരണ കാത്ത് ആറുവർഷമായി ജയിലിൽ കിടക്കുന്ന ഇന്ദ്രാണി മുഖർജി സി.ബി.ഐയ്ക്ക് കത്തയച്ചു. ഷീന ബോറ ജമ്മുകശ്മീരിലുണ്ടെന്ന് സഹതടവുകാരി വെളിപ്പെടുത്തിയെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് മാധ്യമവ്യവസായ രംഗത്തെ പ്രമുഖയായിരുന്ന ഇന്ദ്രാണിയുടെ കത്തിൽ പറയുന്നത്.
സംഗീത ടെലിവിഷൻ ചാനൽ ശൃംഖല നടത്തിയിരുന്ന ഐ.എൻ.എക്‌സ്. മീഡിയയുടെ മേധാവിയായിരുന്ന ഇന്ദ്രാണി മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറ 2012-ൽ കൊല്ലപ്പെട്ടെന്നാണ് പോലീസിന്റെയും സി.ബി.ഐയുടെയും കണ്ടെത്തൽ. പാതി കത്തിയ ഷീനയുടെ മൃതദേഹം റായ്ഗ്ഢിൽ പെൻ-ഖോപ്പോളി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഡ്രൈവർ നൽകിയ വിവരമനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ദ്രാണിയും ഭർത്താവായിരുന്ന പീറ്റർ മുഖർജിയും ഈ കേസിൽ 2015-ൽ അറസ്റ്റിലായി. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും കേസിൽ പ്രതികളാണ്. ജയിലിൽകഴിയവേ ഇന്ദ്രാണിയും പീറ്റർ മുഖർജിയും വിവാഹമോചനം നേടി.
സഹോദരിയെന്നുപറഞ്ഞ് കൂടെ നിർത്തിയിരുന്ന ഷീന ബോറയും ഇന്ദ്രാണിയുടെ മൂന്നാം ഭർത്താവ് പീറ്റർ മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകനും പ്രണയബന്ധരായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷീന ബോറ ഉപരിപഠനത്തിന് വിദേശത്തുപോയിരിക്കുകയാണെന്നാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. കേസിന്റെ വിചാരണ സി.ബി.ഐ. കോടതിയിൽ നടന്നുവരവേയാണ് പുതിയ വെളിപ്പെടുത്തൽ.
സർക്കാർ സർവീസിലുണ്ടായിരുന്ന സ്ത്രീ ബൈക്കുള ജയിലിൽ സഹതടവുകാരിയായി എത്തിയപ്പോഴാണ് ഷീന ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പറഞ്ഞതെന്ന് ഇന്ദ്രാണി മുഖർജിയുടെ കത്തിൽ പറയുന്നു. അവർ ശ്രീനഗറിൽ അവധിയാഘോഷിക്കാൻ പോയപ്പോഴാണ് ഷീനയെ കണ്ടത്. ഇന്ദ്രാണി സി.ബി.ഐയ്ക്ക് കത്തയച്ചകാര്യം അവരുടെ അഭിഭാഷക സന റയീസ് സ്ഥിരീകരിച്ചെങ്കിലും അതിലെ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദ്രാണി മുഖർജി ഡിസംബർ 28-ന് സി.ബി.ഐ. കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അതിനുശേഷം കൂടുതൽ കാര്യങ്ങൾ പരസ്യപ്പെടുത്തുമെന്നും അവർ പറഞ്ഞു. ഇന്ദ്രാണിയുടെ കത്തിൽ പറയുന്നകാര്യങ്ങൾ ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നാണ് സി.ബി.ഐ. ഉദ്യോഗസ്ഥർ കരുതുന്നത്.

