KSDLIVENEWS

Real news for everyone

ബിജെപിക്ക് കനത്ത തിരിച്ചടി;
ചതിയന്മാര്‍ക്ക്‌ റെഡ്‌ സിഗ്നലിട്ട്‌ മെട്രോമാന്‍; നേതൃത്വത്തിന് പ്രഹരം

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേര സ്വപ്‌നംകാണിച്ച്‌ ഒടുവിൽ പാലംവലിച്ച ബിജെപിയോട്‌ ‘റെഡ്‌ സിഗ്നൽ’ കാണിച്ച്‌ മെട്രോമാൻ ഇ ശ്രീധരൻ. ദേശീയ നിർവാഹക സമിതിയിലേക്ക്‌ എടുത്ത്‌ ദിവസങ്ങൾക്കിപ്പുറം ഗുഡ്‌ബൈ പറഞ്ഞത്‌ ബിജെപിക്ക്‌ കനത്ത തിരിച്ചടിയായി. പാർടി നിലപാടുകളിൽ മാറ്റംവരുത്തണമെന്നും പാലക്കാട്ട്‌ ഏറ്റ പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നുമുള്ള ശ്രീധരന്റെ പ്രഖ്യാപനം ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചു

രാഷ്‌ട്രീയത്തിലെ പരിചയക്കുറവ്‌ മുതലെടുത്താണ്‌ വി മുരളീധരനും കെ സുരേന്ദ്രനും അടക്കമുള്ള നേതൃത്വം ഇ ശ്രീധരനെ കബളിപ്പിച്ചത്‌. 35 സീറ്റ്‌ നേടി കേരളത്തിൽ അധികാരം പിടിക്കാനും വി മുരളീധരനെ മുഖ്യമന്ത്രിയാക്കാനും ആയിരുന്നു പദ്ധതി. 400 കോടി രൂപ ഇതിനായി ഇറക്കുകയും ചെയ്തു. എന്നാൽ, ദേശീയ നേതൃത്വം ഇടപെട്ട്‌ ശ്രീധരനെ പാലക്കാട്ട്‌ സ്ഥാനാർഥിയാക്കി. പക്ഷേ, അദ്ദേഹത്തിനുള്ള വ്യക്തിപരമായ ഇമേജ്‌ ഉപയോഗപ്പെടുത്തുകയും അവസാനം കാലുവാരുകയുമാണ്‌ ഔദ്യോഗിക ഗ്രൂപ്പ്‌ ചെയ്തത്‌. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം മെട്രോമാന്‌ നേരിട്ട്‌ ബോധ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലടക്കം അഴിച്ചുപണി വേണമെന്നും നയസമീപനങ്ങളിൽ അടിമുടി മാറ്റംവേണമെന്നുംകാണിച്ച്‌ വിശദ റിപ്പോർട്ട്‌ ദേശീയ നേതൃത്വത്തിന്‌ ശ്രീധരൻ നൽകി.

അതും പരിഗണിച്ചില്ല. ബിജെപിയിൽ നിരാശ പ്രകടമാക്കിയാണ്‌ അദ്ദേഹം സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നത്‌. കഴിവുറ്റ നേതാക്കളെ മാറ്റിനിർത്തി  ഗ്രൂപ്പുകാരെ എല്ലാ സ്ഥാനത്തും തിരുകിക്കയറ്റുന്ന സംസ്ഥാന അധ്യക്ഷന് കനത്ത താക്കീതുകൂടിയാണ്‌ ഇത്‌. വിഷയം എതിർ ഗ്രൂപ്പുകാർ ഏറ്റെടുത്തിട്ടുണ്ട്‌.

ബിജെപി രക്ഷപ്പെടില്ല: 
ഇ ശ്രീധരൻ
കേരളത്തിലെ ബിജെപി രക്ഷപ്പെടില്ലെന്നും പാർടി നയത്തിൽ കാര്യമായ തിരുത്തൽ വേണമെന്നും ഇ ശ്രീധരൻ. സംസ്ഥാന നേതൃത്വത്തോട്‌ പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്‌. ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ല. വേണ്ട മാറ്റത്തെപ്പറ്റി വിശദമായി പറയാൻ ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയില്ല. അതിൽനിന്ന് പലതും പഠിച്ചു. രാഷ്‌ട്രീയക്കാരനായല്ല, ബ്യൂറോക്രാറ്റ് എന്ന നിലയിലാണ്  മത്സരിച്ചത്. ഇനി സജീവ രാഷ്‌ട്രീയത്തിലേക്കില്ല.  ബിജെപി കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെ റെയിലുമായി സഹകരിക്കാം
അതിവേഗ റെയിൽപദ്ധതി കേരളത്തിന്‌ ആവശ്യമാണ്‌. കെ റെയിൽ പദ്ധതിയിൽ സർക്കാർ സഹായംതേടിയാൽ സഹകരിക്കും. നിലവിലെ പദ്ധതി ആസൂത്രണത്തിൽ പിഴവുകളുണ്ട്‌. പുനരാസൂത്രണം വേണമെന്നും ഇ ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!