KSDLIVENEWS

Real news for everyone

നവല്‍നിയുടെ മരണം: ഉത്തരവാദി പുതിന്‍ തന്നെ- ബൈഡന്‍

SHARE THIS ON

വാഷിങ്ടൺ: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ മരണവാർത്തയിൽ തനിക്കൊട്ടും ആശ്ചര്യം തോന്നുന്നില്ലെന്നും മറിച്ച് അതിയായ രോഷമുള്ളതായും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പുതിൻ ഭരണകൂടം തുടർന്നുവരുന്ന അഴിമതിയും അതിക്രമവും ഉൾപ്പെടെയുള്ള എല്ലാവിധ അന്യായപ്രവൃത്തികളേയും അലക്സി നവൽനി ധീരമായി എതിർത്തിരുന്നതായും അലക്സിയുടെ മരണത്തിന് വ്ളാദിമിർ പുതിനാണ് ഉത്തരവാദിയെന്നും ബൈഡൻ പറഞ്ഞു.

പുതിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു 47 കാരനായ നവൽനി. നവൽനിയുടെ ജീവന് അപകടമുണ്ടാകുന്നപക്ഷം പകരം വലിയ വില നൽകേണ്ടിവരുമെന്ന് 2021 ജൂണിൽ ജനീവയിൽ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ബൈഡൻ പ്രതികരിച്ചിരുന്നു. നവൽനിയുടെ മരണത്തെ തുടർന്ന് നടത്തിയ അഭിസംബോധനാപ്രസംഗത്തിൽ നവൽനിയുമായ നടത്തിയ സംഭാഷണത്തെക്കുറിച്ചും പുതിൻ പരാമർശിച്ചു. നേരിന്റെ കരുത്തുറ്റ സ്വരമായിരുന്നു നവൽനിയെന്നും ബൈഡൻ ഓർമിച്ചു.

വടക്കൻ ആർട്ടിക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പീനൽ കോളനിയിൽ ജയിൽവാസമനുഭവിച്ചുവന്നിരുന്ന നവൽനിയെ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അലക്സിയുടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് തേടിയിട്ടുണ്ട്. വഞ്ചനാക്കുറ്റമുൾപ്പെടെ ചുമത്തി 30 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട നവൽനിയെ പീനൽ കോളനിയിലേക്ക് മാറ്റി രണ്ട് മാസമാകുന്നതേയുള്ളൂ.

നവൽനിയുടെ മരണം യു.എസ്.-റഷ്യൻ നയതന്ത്രബന്ധത്തിൽ കൂടുതൽ വിള്ളലിന് കാരണമായേക്കാമെന്നാണ് അന്താരാഷ്ട്രവിലയിരുത്തൽ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിത്തീർന്നിരിക്കുന്ന സാഹചര്യം കൂടിയാണ് നിലവിൽ. യുക്രൈന് ആയുധശേഖരമെത്തിക്കുന്നതിനായുള്ള സാമ്പത്തികസഹായത്തിനുള്ള അനുമതിക്കായി യു.എസ്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളോട് ബൈഡൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കറും റിപ്പബ്ലിക്കൻ അംഗവുമായ മൈക്ക് ജോൺസൺ ഇതുവരെ യുക്രൈന് സാമ്പത്തികസഹായത്തിനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചിരുന്നില്ല. എന്നാൽ നവൽസിയുടെ മരണത്തിനുപിന്നാലെ, യുക്രൈനെതിരെയുള്ള യുദ്ധവും ബാൾട്ടിക് രാജ്യങ്ങൾക്കെതിരേയുള്ള അധിനിവേശവും കണക്കിലെടുത്ത് പുതിന്റെ പ്രബലതയ്ക്ക് കോട്ടം വരുത്താനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് മൈക്ക് ജോൺസൺ അറിയിച്ചിട്ടുണ്ട്.

യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് നവൽനിയുടെ പത്നി യൂലിയയെ സന്ദർശിച്ച് നവൽനിയുടെ മരണത്തിലെ ഖേദവും രോഷവും പങ്കുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!