KSDLIVENEWS

Real news for everyone

ആളിപ്പടർന്ന് തീ, കൈവിട്ട് രക്ഷാപ്രവർത്തനം, പുകയിൽ മുങ്ങി നഗരം

SHARE THIS ON

കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപ്പിടിത്തമുണ്ടായി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും അണയ്ക്കാനാകാതെ അഗ്നിരക്ഷാസേന. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേര്‍ന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു. നിലവില്‍ എട്ട് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

തിരിച്ചെത്തിയ വാഹനങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വന്‍തോതില്‍ കറുത്ത പുകയുയരുന്നതിനാല്‍ അകത്ത് കയറി തീ അണയ്ക്കാനുള്ള ശ്രമം പ്രാവര്‍ത്തികമല്ല. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടമായതിനാല്‍ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ നിന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു. നിലവില്‍ കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് തീ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കെട്ടിടത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടര്‍ന്നത് വലിയ വിനയായി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടര്‍ന്നിരിക്കുകയാണ്. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകളും തീ ഗുരുതരമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമല്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ക്രാഷ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്നു. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങൾക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. അടുത്തടുത്തായി ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഈ കടകളെല്ലാം തന്നെ എയര്‍കണ്ടീഷനുകള്‍ ഘടിപ്പിച്ചിട്ടുള്ളവയായതിനാല്‍ എല്ലാം അടച്ച നിലയിലാണുള്ളത്. ഇത് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയായി.

ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്റ്റാന്‍ഡിന് പരിസരത്ത് വാഹനങ്ങള്‍ എത്താതിരിക്കാനാണ് നിയന്ത്രണം. തീ നിയന്ത്രണവിധേയമാക്കാന്‍ ഏകോപനമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. നഗരത്തിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചു. അവധി ദിവസമായതിനാലും സ്‌കൂള്‍ സീസണായതിനാലും ആളുകള്‍ അധികമായി നഗരത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!