ഇംഎംഎസ് അക്കാദമിയില്‍ ക്ലാസുണ്ട്: നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല: തോമസ് ഐസക്

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് കിട്ടിയതായി സ്ഥിരീകരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ഏതായാലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്നും ബാക്കി കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതെങ്കിലും തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്കും സിപിഎം കേന്ദ്രങ്ങളും പ്രതികരിച്ചത്. എന്നാല്‍ 15 വര്‍ഷം മുന്‍പ് താന്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറയുന്നു. കിഫ്ബിയില്‍ നിയമലംഘനം നടന്നുവെന്ന കേസിലാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്.

