വീണ്ടും ചരിത്രം കുറിച്ച് ലുലു; ഉദ്ഘാടനത്തിന് മുന്‍പേ നികുതിയായി അടച്ചത് 3.5 കോടി

പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പാണ് ഇത്രയും വലിയ തുക നികുതിയിനത്തില്‍ കോര്‍പ്പറേഷനില്‍ അടച്ചതെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.
നിലവില്‍ നഗരത്തിലുള്ള മുന്‍നിര നികുതിദായകര്‍ നല്‍കുന്ന നികുതിയുടെ ഇരട്ടിയാണ് ലുലുവിന്റെ നികുതി. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ തന്നെ നികുതിയായി ലഭിച്ച ഏറ്റവും വലിയ തുകയും ഇതുതന്നെയാണ്.
തിരുവനന്തപൂരം: അനന്തപുരിയില്‍ വിസ്മയം തീര്‍ത്തുകൊണ്ട് ഉദ്ഘാടനത്തിനൊരുങ്ങുന്ന ലുലു ഷോപ്പിംഗ് മാളിനെ തേടി പുതിയ നേട്ടം കൂടി. ടെക്‌നോ പാര്‍ക്ക് കഴിഞ്ഞാല്‍ തിരുവനന്തപൂരം കോര്‍പറേഷന്റെ ഖജനാവ് നിറയ്ക്കുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമായി മാറിയിരിക്കുകയാണ് ആക്കുളത്തെ ലുലുമോള്‍. ലൈബ്രറി സെസ്സും സേവന നികുതിയുമുള്‍പ്പെടെ 3,51,51,300 രൂപയാണ് ലുലു അടച്ചത്. പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പാണ് ഇത്രയും വലിയ തുക നികുതിയിനത്തില്‍ കോര്‍പ്പറേഷനില്‍ അടച്ചതെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. നിലവില്‍ നഗരത്തിലുള്ള മുന്‍നിര നികുതിദായകര്‍ നല്‍കുന്ന നികുതിയുടെ ഇരട്ടിയാണ് ലുലുവിന്റെ നികുതി. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ തന്നെ നികുതിയായി ലഭിച്ച ഏറ്റവും വലിയ തുകയും ഇതുതന്നെയാണ്.
മാര്‍ച്ച് 19 തിനായിരുന്നു കെട്ടിട നില്‍മ്മാണം പൂര്‍ത്തിയായെന്ന് എഞ്ചിനീയറിംഗ് വിഭാഗം സാക്ഷ്യപ്പെടുത്തിയത്. അസസ്‌മെന്റ് പൂര്‍ത്തിയായ ദിവസം മുതല്‍ നികുതി നിര്‍ണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്ബത്തീക വര്‍ഷത്തെ കെട്ടിട നികുതി മുഴുവനായും അടച്ചത്. സിനിമ തിയേറ്റര്‍, വന്‍കിട ഹോട്ടലുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ലുലുമാളില്‍ ആരംഭിക്കാനിരിക്കുന്നത്.
ചതുരശ്ര മീറ്ററിന് 60 രൂപ നിരക്കില്‍ 11,096.30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 12 സ്‌ക്രീനുകള്‍ക്കാണ് നികുതി നിര്‍ണയം നടത്തിയിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കില്‍ 2,320.04 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫീസ് സ്ഥലത്തിനും പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ ചതുരശ്രമീറ്റര്‍ 150 രൂപ നിരക്കില്‍ 1.99 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തിനും നികുതി നിര്‍ണയിച്ചു. 200 ചതുരശ്ര മീറ്ററില്‍ താഴെയുള്ള ഭാഗങ്ങളില്‍ ഒരു ചതുരശ്രമീറ്ററിന് 90 രൂപയാണ് നികുതി കണക്കാക്കിയിരുന്നത്.
മാളില്‍ ആരംഭിക്കാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ട്രേഡ് ലൈസന്‍സ്, തൊഴില്‍ നികുതി എന്നിവ ഉള്‍പ്പെടെ ഇനിയും കോടികള്‍ ലുലുവില്‍ നിന്ന് കോര്‍പ്പറേഷനിലേക്ക് വരാനുണ്ടെന്നാണ് കണക്കുകൂട്ടല്‍. കടകംപള്ളി സോണല്‍ ഓഫീസിന് കീഴിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ സൂപ്രണ്ട് ഉള്‍പ്പെടെ 3 ജീവനക്കാര്‍ മൂന്നുദിവസം രാപകല്‍ പണിയെടുത്താണ് നികുതി നിര്‍ണയം പൂര്‍ത്തിയാക്കിയത്.
അടുത്തമാസം 16നാണ് ലുലു മാള്‍ ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയ പാതയ്ക്കരികിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ലുലു ഷോപ്പിങ് മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും വലുതും, വലുപ്പത്തിലും ആകര്‍ഷണീയതയിലും ഏഷ്യയില്‍ ഒന്നാം നിരയിലേതുമായ മാള്‍ എന്നതാണ് തിരുവനന്തപൂരം ലുലുവിന്റെ പ്രത്യേകത. ദേശീയപാതയോരത്ത് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് തുറക്കാനിരിക്കുന്ന മാള്‍ ആക്ഷരാര്‍ത്ഥത്തില്‍ വിസ്മയങ്ങളുടെ കൊട്ടാരം കൂടിയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയം വിനോദത്തെ തൊട്ടുണര്‍ത്താന്‍ കുട്ടികള്‍ക്കായി ഒരുക്കിയ റൈഡുകളാണ്.
ഇതോടൊപ്പം പ്രമുഖ ബ്രാന്‍ഡുകളെല്ലാം തലസ്ഥാന നഗരിയിലേക്ക് എത്തുന്നു എന്നതും ലുലുമാളിന്റെ പ്രത്യേകതയാണ്. 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 3800 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്.7200 ചതുരശ്രമീറ്ററില്‍ 12 മള്‍ട്ടിപ്ലക്‌സ് സിനിമാതീയറ്ററുകള്‍.2 ലക്ഷം ചതുരശ്ര അടി വലുപ്പത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഫുഡ് കോര്‍ട്ടില്‍ ലോകത്തെ എല്ലാ രുചികളും എത്തിക്കാന്‍ രാജ്യാന്തര ഭക്ഷണങ്ങളുടെ രുചിക്കൂട്ടുമായി റസ്റ്ററന്റുകള്‍ കഫേകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മാളുകളില്‍ ഏറ്റവും കൂടുതല്‍ തുറസ്സായ സ്ഥലവും ഇടനാഴികളും ഉള്ള മാളും തിരുവനന്തപുരത്തെ ലുലുവിനാണെന്നു നിര്‍മാതാക്കള്‍ പറയുന്നു. 10,000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും ജോലി നല്‍കുന്നതാണ് ലുലു മാള്‍ എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും വ്യക്തമാക്കിയിരുന്നു.
ഇന്നിപ്പോള്‍ ഉദ്ഘാടനത്തിന് മുന്നേ തന്നെ നികുതിയിനത്തില്‍ ഇത്രയും വലിയ തുകയടക്കുന്ന സ്ഥാപനമായി ലുലു പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും ശ്രദ്ദേയമാവുകയാണ് തിരുവനന്തപൂരം ലുലു മാള്‍.

