ഉമ്മൻചാണ്ടി തിരിച്ചെത്തി; ചികിത്സ തുടരേണ്ടിവരും

തിരുവനന്തപുരം: ജർമനിയിലെ ചികിത്സയ്ക്കുശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ മൂന്നുമണിയോടെ ഖത്തർ എയർവേസിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ജർമനിയിൽ ലേസർ ശസ്ത്രക്രിയയാണ് അദ്ദേഹത്തിനു നൽകിയത്. വിദഗ്ധചികിത്സ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇത് എവിടെ വേണമെന്നു തീരുമാനിച്ചിട്ടില്ല.
ചികിത്സയ്ക്കുശേഷം തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസി’ലാണ് അദ്ദേഹമുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സന്ദർശകരെ ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.
ലേസർ ശസ്ത്രക്രിയയ്ക്കുശേഷം ഉന്മേഷവാനായുള്ള ഉമ്മൻചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ബെന്നി ബെഹനാൻ എം.പി., മക്കളായ ചാണ്ടി ഉമ്മൻ, മറിയ, അച്ചു എന്നിവരാണ് ഉമ്മൻചാണ്ടിക്കൊപ്പം ജർമനിയിലുണ്ടായിരുന്നത്. ഈ മാസം ആറിനാണ് ഉമ്മൻചാണ്ടി ജർമനിയിൽ ചികിത്സയ്ക്കായി പോയത്.

