KSDLIVENEWS

Real news for everyone

അമിത്ഷാ നാളെ ബംഗാളില്‍, മൂന്നാമത്തെ എംഎല്‍എയും തൃണമൂല്‍ വിട്ടു, അടിയന്തര യോഗം വിളിച്ച് മമത

SHARE THIS ON

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിൽ വൻ കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ശിൽഭദ്ര ദത്തയാണ് ഇന്നു രാവിലെ പാർട്ടി വിട്ടത്. മുൻ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎൽഎ ജിതേന്ദ്ര തിവാരിയും വ്യാഴാഴ്ച രാജിവെച്ചിരുന്നു.
വനംമന്ത്രി രാജീബ് ബാനർജി, സുനിൽ മണ്ഡൽ എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് അറിയുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂലിൽ നിന്ന് നേതാക്കളുടെ വൻപട തന്നെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

ഇതിനിടെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎൽഎമാരടക്കമുള്ളവരോട് ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം.

ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഏതെല്ലാം തൃണമൂൽ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞദിവസം എം.എൽ.എ സ്ഥാനം ഒഴിഞ്ഞയുടൻ ശുഭേന്ദു ബർധമാനിലെ സുനിൽ മണ്ഡൽ എം.പി.യുടെ വീട്ടിലെത്തിയിരുന്നു. അവിടെ ഇരുവർക്കുമൊപ്പം ജിതേന്ദ്ര തിവാരിയുമെത്തി ചർച്ചനടത്തി. നേരത്തേ, മുഖ്യമന്ത്രി മമതാ ബാനർജി തിവാരിയെ വിളിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നും വെള്ളിയാഴ്ച ചർച്ചനടത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ, അനുനയനീക്കം ഫലിച്ചില്ല.
അസൻസോൾ മുനിസിപ്പാലിറ്റിക്ക് 2000 കോടിയുടെ കേന്ദ്രസഹായം കിട്ടുമായിരുന്നത് സംസ്ഥാനസർക്കാർ മുടക്കിയെന്നാരോപിച്ച് രണ്ടുദിവസംമുമ്പ് തിവാരി നഗരവികസനമന്ത്രി ഫിർഹാദ് ഹക്കീമിന് കത്തെഴുതിയിരുന്നു. തിവാരിയെ മന്ത്രി ഹക്കീം ചർച്ചയ്ക്കുവിളിച്ചെങ്കിലും മമതയൊഴികെ ആരോടും സംസാരിക്കില്ലെന്ന് തിവാരി ശഠിച്ചു. ബുധനാഴ്ച ഒരു പാർട്ടിയോഗത്തിൽ ശുഭേന്ദുവിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചതോടെ പാർട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.
അക്രമവും വിഭാഗീയതയും നിറഞ്ഞ രാഷ്ട്രീയത്തിനെതിരേ ശബ്ദിക്കേണ്ട കാലമായെന്ന് നേതൃത്വത്തിനെതിരേ പ്രതികരിച്ച സുനിൽ മണ്ഡൽ എം.പി.യും ഉടൻ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മണ്ഡലും ശുഭേന്ദുവും ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്തുതിപാഠകർക്കുമാത്രമാണ് പാർട്ടിയിൽ വിലയുള്ളതെന്നും ജനസേവനം ലക്ഷ്യമാക്കി വരുന്നവർ പിന്തള്ളപ്പെടുകയാണെന്നുമാണ് വനംമന്ത്രി രാജീബ് ബാനർജിയുടെ വിമർശനം. ഇദ്ദേഹവും സ്വന്തമായി യോഗങ്ങൾ സംഘടിപ്പിച്ച് പാർട്ടിക്കെതിരേ പരോക്ഷ വിമർശനങ്ങൾ നടത്തുന്നുണ്ട്.
ശുഭേന്ദു പാർട്ടിവിട്ടതിനുപിന്നാലെ മാൽദയിലെ ഒരു ബ്ളോക്കിനുകീഴിലുള്ള അഞ്ച് മണ്ഡലം അധ്യക്ഷൻമാർ സ്ഥാനങ്ങൾ രാജിവെക്കുന്നതായി അറിയിച്ചു. എന്നാൽ, ഇവർ പാർട്ടി വിട്ടിട്ടില്ല. ശനിയാഴ്ച ബംഗാളിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിം മേദിനിപ്പുരിൽ പ്രവർത്തകരുടെമാത്രം യോഗത്തിൽ പങ്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, അത് പൊതുയോഗമായി മാറ്റിയിട്ടുണ്ട്. ശുഭേന്ദുവും കൂട്ടാളികളും ഈ യോഗത്തിൽ ബി.ജെ.പി. പ്രവേശനംനടത്താനാണ് സാധ്യത.
ഇതിനിടെ ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും ആഭ്യന്തര മന്ത്രാലയം രണ്ടാം തവണയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണയും നിർദേശം നിരസിച്ച് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്നാണ് മമത മറുപടി നൽകിയത്. വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മമതയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബംഗാൾ സന്ദർശനത്തിനിടെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം ഡൽഹിക്ക് വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!