വാക്സിന് കുത്തിവെപ്പ് നിര്‍ബന്ധമല്ല, ആളുകള്‍ക്ക് സ്വയം തീരുമാനിക്കാം- കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തിൽ ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റുരാജ്യങ്ങൾ വികസിപ്പിച്ച വാക്സിൻ പോലെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന വാക്സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മുക്തരായവർക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിൻ ഡോസ് പൂർണമായി സ്വീകരിക്കുന്നതാണ് ഉചിതം. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് ശരീരത്തിൽ വൈറസിനെതിരേയുള്ള ആന്റിബോഡികൾ രൂപപ്പെടുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്ന ചില നിരന്തര ചോദ്യങ്ങൾ ക്രമപ്പെടുത്തിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വാക്സിൻ എടുക്കുന്നത് നിർബന്ധമാണോ, വാക്സിനെടുത്ത് എത്ര ദിവസത്തിനുള്ളിൽ ആന്റിബോഡി രൂപപ്പെടും, കോവിഡ് മുക്തർ വാക്സിൻ എടുക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്.
കോവിഡ് വാക്സിൻ എടുക്കണോയെന്ന് ആളുകൾക്ക് സ്വമേധയാ തീരുമാനിക്കാം. എന്നിരുന്നാലും രോഗത്തിൽ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് രോഗം പടരാതിരിക്കാനും പൂർണമായ തോതിൽ വാക്സിൻ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വിശദീകരിച്ചു. കാൻസർ, പ്രമേഹം, രക്താദിമർദ്ദം തുടങ്ങിയ അസൂഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും കോവിഡ് വാക്സിൻ എടുക്കാം. മറ്റു വാക്സിനുകൾക്ക് സമാനമായി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കോവിഡ് വാക്സിനും പുറത്തിറക്കുകയുള്ളു. വാക്സിൻ എടുക്കുമ്പോൾ ചെറിയ പനി, വേദന തുടങ്ങിയ ചില പാർശ്വഫലങ്ങൾ ചിലരിൽ ഉണ്ടാകം. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടായാൽ അവ കൈകാര്യം ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനെടുക്കാൻ ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്സിൻ എടുക്കാൻ അനുവദിച്ച സ്ഥലം, തിയതി, സമയം എന്നിവ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കും. രജിസ്ട്രേഷന് ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡും നിർബന്ധമാണ്. വാക്സിൻ എടുത്ത ശേഷം ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ഒരു സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചുനൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ വാക്സിൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാരെന്നും മന്ത്രാലയം പറഞ്ഞു. കോവിഡിനെതിരേ ആറ് വാക്സിനുകളാണ് ഇന്ത്യയിൽ വികസിപ്പിക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ രാജ്യത്ത് വാക്സിൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ

