ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി; രക്ഷാസമിതിയിലെ പ്രമേയം യു.എസ് വീറ്റോ ചെയ്തേക്കും

ഗസ്സ: ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ ഖാൻ യൂനുസിലെ നാസർ ആശുപത്രി ഇസ്രായേല്‍ ഉപരോധത്തെ തുടർന്ന് പ്രവർത്തനം നിർത്തി.200ലേറെ രോഗികള്‍ ആശുപത്രിക്കകത്ത് ഉണ്ടെങ്കിലും ചികിത്സ നല്‍കാനാകുന്നില്ല. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം തീവ്രപരിചരണ വിഭാഗത്തിലുള്ളവരെയടക്കം ഒഴിപ്പിക്കുകയും വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഓക്സിജൻ ഇല്ലാതെ ആറ് രോഗികള്‍ മരിക്കാനും കാരണമായി. 20ലേറെപേരെ ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഖാൻ യൂനുസിലെ അല്‍അമല്‍ ആശുപത്രിക്കുനേരെയും ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയതായി ഫലസ്തീൻ റെഡ് ക്രെഡന്റ് സൊസൈറ്റി അറിയിച്ചു. അതിനിടെ വെടിനിർത്തല്‍ ചർച്ചയില്‍ പുരോഗതിയില്ലെന്നും സാധ്യതകള്‍ കുറഞ്ഞുവരുകയാണെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആല്‍ഥാനി പറഞ്ഞു. അടിയന്തര വെടിനിർത്തല്‍ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയില്‍ അല്‍ജീരിയ കൊണ്ടു വരുന്ന പ്രമേയം ചൊവ്വാഴ്ച വോട്ടിനിടും. വീറ്റോ ചെയ്യുമെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീല്‍ഡ് സൂചിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 ഫലസ്തീനികള്‍ ഗസ്സയില്‍ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 28,985 ആയി. 68,883 പേർക്ക് പരിക്കേറ്റു. ഇസ്രായേല്‍ പട്ടിണി ആയുധമാക്കുന്നുവെന്ന് യു.എൻ ഗസ്സ: ഇസ്രായേല്‍ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഐക്യരാഷ്ട്ര സഭ. ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടയുന്നു. സൈന്യത്തിന്റെ ഇടപെടലിനു പുറമെ ട്രക്കുകള്‍ ഗസ്സയില്‍ എത്തുന്നത് തടയാൻ വഴിയില്‍ പ്രതിഷേധവുമായി ഇസ്രായേലികളുമുണ്ട്. ജീവൻ നിലനിർത്താനായി ചെടികളുടെ ഇല ഭക്ഷിക്കേണ്ട ദുരിതത്തിലാണ് ഫലസ്തീനികള്‍. കടകളില്‍ പച്ചക്കറികളോ ബ്രഡോ മറ്റ് അവശ്യവസ്തുക്കളോ ലഭ്യമല്ല. ശുദ്ധജല ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനും സൗകര്യങ്ങളില്ല. മരുന്നും ഇന്ധനവുമില്ലാതെ ഭൂരിഭാഗം ആശുപത്രികളും പ്രവർത്തനം നിർത്തി. ബാക്കിയുള്ളതില്‍ വേദനസംഹാരി പോലും ലഭ്യമാകാതെ വെറും നിലത്താണ് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തുന്നത്.

