KSDLIVENEWS

Real news for everyone

‘കെജ്രിവാളിനെ ജയിലില്‍വെച്ച്‌ കൊല്ലാൻ ഗൂഢാലോചന’; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

SHARE THIS ON

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍വെച്ച്‌ കൊല്ലാൻ ഗൂഢാലോചന നടക്കുന്നെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ദിവസങ്ങളായി വ്യതിയാനം സംഭവിക്കുന്നു. അദ്ദേഹം ആവശ്യപ്പെട്ടിട്ടും തിഹാർ ജയില്‍ അധികൃതർ ഇൻസുലിൻ നല്‍കുന്നില്ലെന്നും ഡല്‍ഹി മന്ത്രി അതിഷി ആരോപിച്ചു. ’30 വർഷമായി പ്രമേഹരോഗ ബാധിതനായ ഒരാള്‍ക്ക് ഇൻസുലിൻ നിഷേധിക്കുന്നത് എന്ത് ഗൂഢാലോചനയുടെ ഭാഗമാണ്. കെജ്രിവാളിനെ കൊല്ലാനാണോ അവർ ശ്രമിക്കുന്നത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാൻ പറ്റാത്ത നേതാവാണ് കെജ്രിവാള്‍. അദ്ദേഹത്തെ ജയിലിലടച്ച്‌ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്’ -അതിഷി പറഞ്ഞു. ജാമ്യം ലഭിക്കാനായി കെജ്രിവാള്‍ മാങ്ങയും മറ്റു മധുര പലഹാരങ്ങളും കഴിക്കുന്നുവെന്നാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. പ്രമേഹം ബാധിച്ചതിനാല്‍ പെട്ടെന്ന് പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളില്‍ കഴിക്കാനാണ് പഴങ്ങളും മിട്ടായിയും കൈയില്‍ കരുതുന്നത്. ഇത് ഡോക്ടറുടെ നിർദേശപ്രകാരമാണെന്നും അതിഷി ചൂണ്ടിക്കാട്ടി. കെജ്രിവാളിന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കണമെന്ന് കോടതി വിധിയുണ്ട്. നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് വീട്ടിലുണ്ടാക്കിയ ഭക്ഷണം നിഷേധിക്കുകയാണ് ഇ.ഡിയും ബി.ജെ.പിയും ലക്ഷ്യമിടുന്നത്. ഇ.ഡിയെ ഉപയോഗിച്ച്‌ കെജ്രിവാളിന്റെ ആരോഗ്യം വഷളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!