KSDLIVENEWS

Real news for everyone

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

എക്‌സിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ‘പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ താത്കാലികമായി നിര്‍ത്തി. ഞങ്ങള്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.’ -എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ തങ്ങളുടെ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇറാന്‍ ഇസ്രയേലിനുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടെല്‍ അവീവ് വിമാന സര്‍വീസുകള്‍ അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം മാര്‍ച്ച് മൂന്നിനാണ് എയര്‍ ഇന്ത്യ പുനരാരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്തിയ അന്നുമുതലാണ് എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!