KSDLIVENEWS

Real news for everyone

ദുബായ് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്നതിനാലാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. അതേസമയം എത്രകാലത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് വ്യക്തമല്ല.

സാധ്യമായത്രയും പെട്ടെന്ന് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഏപ്രില്‍ 21 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ തുക ഉള്‍പ്പെടെ പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 01169329333, 01169329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി അറിയിച്ചു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ പുനഃക്രമീകരിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുംവിട്ടു. വിമാനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് അതാത് എയര്‍ലൈനുകളുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ആരംഭിച്ച മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതിന് പിന്നാലെയാണ് ക്രമീകരണങ്ങള്‍. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. കനത്ത മഴയെ തുടര്‍ന്നാണ് ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയ്ക്കാണ് യു.എ.ഇ. സാക്ഷ്യം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!