KSDLIVENEWS

Real news for everyone

ഇന്ന് ഐപിഎല്‍ യുദ്ധം; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി, കണക്കും സാധ്യതകളും

SHARE THIS ON

മുംബൈ: ഐപിഎല്ലില്‍(IPL 2022) ആര്‍സിബിക്ക്(RCB) ഇന്ന് ജീവന്‍മരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സാണ്(Royal Challengers Bangalore vs Gujarat Titans) എതിരാളികള്‍. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്.

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്ബന്‍ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. തോറ്റാല്‍ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും ഒതുക്കിവയ്ക്കാം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും. ജയിച്ചാലും അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍ക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താന്‍. 13 കളിയില്‍ 10ലും ജയിച്ച്‌ മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ആര്‍സിബിക്ക് എളുപ്പമല്ല. വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്സ്‍വെല്‍, രജത് പട്ടിദാര്‍, ദിനേശ് കാര്‍ത്തിക് എന്നിങ്ങനെയുള്ള പവര്‍ ഹിറ്റര്‍മാര്‍ തിളങ്ങണം വലിയ സ്കോറിലെത്താന്‍.

ബൗളിംഗിലും ആശങ്കയുണ്ട്. ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ ശക്തമായ തിരിച്ചുവരവ് ടീം ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍
പഞ്ചാബിനെതിരെ 4 ഓവറില്‍ ഓസീസ് താരം വിട്ടുകൊടുത്തത് 64 റണ്‍സാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാട്ടാത്ത മുഹമ്മദ് സിറാജിനെ മധ്യഓവറുകളില്‍ ഉപയോഗിക്കുകയാകും ഡുപ്ലസിയുടെ മുന്നിലുള്ള വഴി.

ഒന്നാംക്വാളിഫയര്‍ നേരത്തെ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ലൈനപ്പിലെ പോരായ്മകള്‍ തിരുത്താനുള്ള അവസരമാണിത്. അവസരം കിട്ടാത്തവരെ പരീക്ഷിക്കാനും മാനേജ്മെന്‍റ് തയ്യാറായേക്കും. യാഷ് ദയാലിന് പകരം പ്രദീപ് സാങ്‍വാന്‍ എത്തിയേക്കും. അല്‍സാരി ജോസഫിനെ മാറ്റി വീണ്ടും ലോക്കി ഫെര്‍ഗ്യൂസന് അവസരം നല്‍കാനും സാധ്യത. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഗുജറാത്തിന് മുതല്‍ക്കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!