KSDLIVENEWS

Real news for everyone

അനധികൃത നിർമാണങ്ങൾ, മതിയായ അഗ്നിശമന സംവിധാനമില്ല; കോഴിക്കോട്ടെ അഗ്നിബാധയിൽ ആളിക്കത്തി പ്രതിഷേധം

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം കോഴിക്കോട് കോർപ്പറേഷനെതിരെ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. കെട്ടിട നിർമാണത്തിലെ അപാകവും നഗരത്തിലെ അഗ്നിശമന സംവിധാനത്തിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങൾ ചൂടുപിടിക്കുന്നത്.

തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങൾ ഏറെയുണ്ടെന്ന് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടത്തിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഒന്നും ഈ കെട്ടിടത്തിൽ ഇല്ല. കെട്ടിട ഉടമ എന്ന നിലയിൽ കോർപ്പറേഷൻ വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഫയർ ഓഡിറ്റ് കൃത്യമായി ഇവിടെ നടക്കുന്നുണ്ടോ എന്നും പ്രതിപക്ഷം വിമർശിച്ചു.

തീപിടിത്തത്തിൽ കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. വ്യാപാരികൾക്കും ജീവനക്കാർക്കും കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. ഇതിന് തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തും. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു. ഇക്കാര്യം കോൺഗ്രസ് പലതവണ ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കെ. പ്രവീൺ കുമാർ പറഞ്ഞു.
കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ചോദിച്ചിട്ട് കൊടുക്കാൻ പോലും കോർപ്പറേഷന് സാധിച്ചിട്ടില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ വിമർശിച്ചു. പണംവാങ്ങി ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം കോർപ്പറേഷൻ കൂട്ടുനിന്നു. ഫയർ ഓഡിറ്റ്‌ പോലും കൃത്യമായി നടത്തിയിട്ടില്ല.

വർഷങ്ങളായി കോർപറേഷൻ ഭരിക്കുന്നത് സിപിഎം ആണ്. കണ്ണിന്റെ മുന്നിൽ ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും തിരിച്ചറിയാൻ പറ്റാത്തത് ആരുടെ കഴിവുകേടാണെന്നും ടി. സിദ്ദിഖ് ചോദിച്ചു. ഈ സമയത്ത് രാഷ്ട്രീയം പറയുന്നതല്ല. പക്ഷേ അധികാരികൾ ഇതൊന്നും അറിയാതെ പോകുന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് പറഞ്ഞു. ജുഡീഷ്യ ൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. വിദഗ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണെമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

കെട്ടിടനിർമാണ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പല കെട്ടിടങ്ങളും നഗരത്തിൽ ഉയരുന്നതെന്നും തീപിടിത്തമുണ്ടായ കെട്ടിടവും തൊട്ടടുത്തുള്ള പല കെട്ടിടങ്ങളും നിയമം ലംഘിച്ച് ഒറ്റക്കെട്ടിടമാക്കി മാറ്റിയതായി പരാതികളുണ്ടെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു. നഗരത്തിലെ കെട്ടിടനിർമാണത്തിലെ ലംഘനങ്ങൾ പരിശോധിക്കാൻ ജില്ലാ-കോർപറേഷൻ ഭരണകൂടങ്ങൾ നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനു തയ്യാറാകണമെന്നും പി.രഘുനാഥ് ആവശ്യപ്പെട്ടു.

കോഴിക്കോട് നഗരത്തിലെ ഫയർ ഫൈറ്റിങ് സംവിധാനത്തിലെ അപര്യാപ്തതയും പ്രതിപക്ഷം ഉയർത്തിക്കാണിക്കുന്നുണ്ട്. 2024-ൽ ഗ്യാസ് പൊട്ടിത്തെറിച്ച് മുതലക്കുളത്ത് ഒരാൾക്ക് ജീവൻ നഷ്ടമായി. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ കെട്ടിടം മുഴുവൻ ആളിപ്പടർന്നിരുന്നു. മുൻ അനുഭവമുണ്ടായിട്ടും നഗരത്തിലെ ഫയർ ഫൈറ്റിങ് സംവിധാനം കുറ്റമറ്റതാക്കാൻ കോഴിക്കോട് കോർപ്പറേഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു.

ബീച്ചിൽ ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് ഉണ്ടായിരുന്നു. എന്നാൽ, ആ ഫയർസ്റ്റേഷൻ അവിടെനിന്ന് മാറ്റിയതോടെ ടാർപോളിൻ ഷീറ്റിനടിയിൽ പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് ബീച്ചിൽ ഉള്ളത്. ഒരു യൂണിറ്റ് എത്തി തീയണച്ചു കൊണ്ടിരിക്കുമ്പോഴേക്കും വെള്ളം തീർന്നു. നഗരത്തിലെ തീ അണയ്ക്കാൻ മറ്റിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തേണ്ട സ്ഥിതിയാണുള്ളത്. നഗരത്തിന്റെ ഫയർ ഫൈറ്റിങ് സംവിധാനം അപര്യാപ്തമാണെന്ന് കാണിച്ച് നേരത്തെതന്നെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയതാണെന്നും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പുതിയ സ്റ്റേഷനുകൾക്കായി ഫയർ ഡിപ്പാർട്മെന്റ് എല്ലാ പ്ലാനുകളും തയ്യാറാക്കി കോർപ്പറേഷന് കൊടുത്തതാണ്. പക്ഷേ, അതിനെതിരെ ഒരു നടപടിയുമുണ്ടായില്ല. വളരുന്ന ഒരു നഗരത്തെ ഇല്ലാതാക്കിയത് ഈ ഭരണസംവിധാനമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

വിമർശനം ശക്തമാകുന്നതിനിടെ കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും ഫയർ ഓഡിറ്റിങ് നടത്തുമെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റി അടിയന്തരമായി ചേർന്ന് സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മേയർ ഉറപ്പുനൽകി.

തീപ്പിടിത്തത്തിൽ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിൻറെ ബലക്ഷയം സംബന്ധിച്ച് പരിശോധിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും. തിരുത്തൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!