അഗ്നിപഥിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങും’ : പദ്ധതിക്ക് കര്‍ഷക നിയമത്തിന്‍റെ ഗതിയാകുമെന്ന് സച്ചിന്‍ പൈലറ്റ്

ദില്ലി: അഗ്നിപഥ് (agnipath) പദ്ധതി കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണഗ്രസ് നേതാവും രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്(sachin pilot).
അഗ്നിപഥുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ യുവാക്കള്‍ തെരുവിലിറങ്ങും. കാര്‍ഷിക നിയമങ്ങളുടെ ഗതിയാകും അഗ്നിപഥിനെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
‘അഗ്നിവീര്‍’ റിക്രൂട്ട്മെന്‍റ് തീയതികളായി, പിന്‍മാറുന്ന പ്രശ്നമില്ലെന്ന് പ്രതിരോധമന്ത്രാലയം
ദില്ലി: ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ പുരി അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ ജൂണ്‍ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബര്‍ 30-ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ നടത്തുമെന്നര്‍ത്ഥം.
നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.
‘പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ല’
പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനില്‍പുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ലഫ്റ്റനന്‍റ് ജനറലിന്‍റെ വിശദീകരണം.

