യു.പി.യിലെ ആശുപത്രിയിൽ മൂന്നുദിവസത്തിനിടെ മരിച്ചത് 54 രോഗികൾ

ബലിയ: യു.പി.യിലെ ബലിയ ജില്ലാശുപത്രിയിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്ന 54 രോഗികൾ മൂന്നുദിവസത്തിനുള്ളിൽ മരിച്ചു. മരണകാരണം കണ്ടെത്താൻ ലഖ്നൗവിൽനിന്നുള്ള ആരോഗ്യവകുപ്പിൻറെ സംഘം ആശുപത്രിയിലെത്തി. സംഭവത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ജൂൺ 15-നും 17-നും ഇടയിൽ 400-ഓളം രോഗികളാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. പ്രദേശത്ത് ഉഷ്ണതരംഗം നിലനിൽക്കുന്നുണ്ട്. മരിച്ചവരെല്ലാം 60 വയസ്സിനു മുകളിലുള്ളവരാണെന്നും ഉഷ്ണതരംഗം കാരണം രണ്ടുപേർ മാത്രമേ മരിച്ചുള്ളുവെന്ന് ബലിയ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയന്ത് കുമാർ പറഞ്ഞു. 54 പേരിൽ 40 ശതമാനം പേരും പനികാരണമാണ് മരിച്ചത്. 60 ശതമാനത്തിന് മറ്റ് അസുഖങ്ങളായിരുന്നു. സാധാരണയായി എട്ട് മരണങ്ങൾ വരെയാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യാറുള്ളത്. ബലിയയിൽ വെള്ളിയാഴ്ച 42.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്.

