പേർഷ്യൻ ഗൾഫിൽ കുടുങ്ങി 500-ലേറെ ചരക്കുകപ്പലുകൾ, 11,000 നാവികർ; മൈനുകൾ നീക്കാൻ ഇറാന് 30 ദിവസത്തെ സമയം

ദുബായ്: ഇറാൻയുദ്ധത്തെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന 500-ലധികം ചരക്കുകപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. അതിലെല്ലാമായി 11,000 നാവികരുമുണ്ട്. യു.എസും ഇറാനും ധാരണാപത്രം ഒപ്പിട്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് ഇപ്പോഴും ഗണ്യമായ സുരക്ഷാഭീഷണികളുണ്ടെന്ന് അന്താരാഷ്ട്ര ഷിപ്പിങ് സംഘടനയായ ബിംകോയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ജേക്കബ് ലാർസൻ പറഞ്ഞു.
കപ്പലുകൾ തടയാൻ കടലിടുക്കിന്റെ കേന്ദ്രഭാഗത്ത് മൈനുകൾ നിക്ഷേപിച്ചിരിക്കുന്നതിനാൽ അതിലൂടെ പോവുക പ്രയാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. കരാർപ്രകാരം മൈനുകൾ നീക്കാൻ ഇറാന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കപ്പൽഗതാഗതം സുഗമമാക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഏകോപന സംവിധാനമൊരുക്കുമെന്നാണ് ബിംകോ പ്രതീക്ഷിക്കുന്നത്.

