ദത്ത് വിവാദം; സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി; വാദം തള്ളി അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന് അനുപമ.
സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തള്ളിന്നതായിരുന്നു അനുപമയുടെ മറുപടി. അനുപമയ്ക്ക് കുഞ്ഞിനെ ഉടന്‍ തിരികെ ലഭിക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നുവെന്നും നടപടികള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോയെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാദം തള്ളികൊണ്ടുള്ള അനുപമയുടെ പ്രതികരണം.
അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാള്‍ കൂടുതല്‍ ഞണ്ടുകളോ?
മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം മുന്‍ വിധിയോടെയെന്ന് അനുപമ പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാതെ ദത്ത് നടപടികള്‍ നിയമപരമായി എന്ന് മന്ത്രിക്ക് എങ്ങനെ പറയാന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ മൗനം ആരോപണവിധേയരെ സംരക്ഷിക്കാനാണെന്നും അനുപമ പ്രതികരിച്ചു. മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലാതെയാണ് ശിശുക്ഷേമ സമിതിയിലെ സൂപ്രണ്ടിന്റെ നിയമനമെന്നും അനുപമ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം മുതല്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പരാതി പരിഗണിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതെന്നും അനുപമ പറഞ്ഞു.
അതേസമയം ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്‌ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നല്‍കിയ നിര്‍ദ്ദേശം. ബുധനാഴ്ച്ച രാത്രിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.

